വിശപ്പ്‌ കാത്തിരിക്കുന്ന ആമ





















ചായം

എത്ര ശ്രദ്ധിച്ചാലും
അരികുകൾ വഴി ഒലിച്ചിറങ്ങി തീർന്നു പോകുന്ന
നിറങ്ങൾ കൊണ്ടാണത്രെ
ജീവിതത്തിന്റെ ചുവരുകളിൽ ചായം പൂശുന്നത്‌.. 

ചതവ്
 
വെയിലുയരത്തിൽ
തലയുയർത്തി നിൽക്കുന്ന
ജാതിമരത്തിന്റെ
തളിരില ചതച്ചതിൻ
ചുവപ്പാണത്രെ കയ്യിൽ...!

ഉപഗ്രഹം 
 
ഗുരുത്വാകർഷണത്തിന്റെ നൂലറ്റം എന്നേ പൊട്ടിപ്പോയതാണ്‌
എന്നെ ചുറ്റുന്ന ഉപഗ്രഹത്തിൽ നിന്നും മാറി
അതിരുകളില്ലാത്ത ആകാശത്തിൽ
നക്ഷത്രങ്ങൾക്കൊപ്പം കണ്ണു ചിമ്മി ചിരിക്കുന്നു നീ..


വിശപ്പ്‌ കാത്തിരിക്കുന്ന ആമ
 
പൊരിവെയിലിൽ
കരിയിലകൾക്കിടയിൽ
കയ്യും തലയും പുറത്തിടാതെ
വിശപ്പ്‌ കാത്തിരിക്കുന്നൊരു
ആമ..!!

കല്ലരയാൽ
 
കരിമ്പാറക്കെട്ടുകളിലേക്ക്‌ വേരുകളാഴ്ത്തി
പ്രണയജലമന്വേഷിക്കുന്നൊരു
കല്ലരയാൽ..!!


കരിമ്പ്‌ പൂക്കുന്നു
 
അരികു വേലികളിൽ
കരിമ്പ്‌ വളർന്ന പറമ്പ്‌..
നോക്കിനോക്കിയിരിക്കെ
വേനലാന്തളിൽ
കരിമ്പ്‌ പൂക്കുന്നു..!!



ബലൂൺ വിമാനം

മടുപ്പിന്റെ
ഉഷ്ണകാറ്റേറ്റ്‌
പൊങ്ങിയുയരുന്നു
നീയിരിക്കുന്ന
ബലൂൺ വിമാനം..!!

വാക്കറ്റം :

നമുക്കിടയിലെന്താ..?
ഒന്നുമില്ല,
പകലുദിച്ച നക്ഷത്രങ്ങളല്ലാതെ..!!

പിണക്കം


















 മിണ്ടാതിരുന്നു തുരുമ്പിച്ചു പൊടിയുന്നു
നമ്മെ ചേർത്തു കെട്ടിയ
വാക്കിന്റെ നൂലുകൾ..!!

പിറകിലെ വാതിലും വഴിയും..!!

ഇന്നലെ നിന്നിലേക്ക്‌ നടന്നെത്തുമ്പോളെന്ന പോലെ
ഇറങ്ങി നടക്കുമ്പോഴും മാഞ്ഞു പോകുന്നു
പിറകിലെ വാതിലും വഴിയും..!!
  

 ഒരു കുടം സ്നേഹം


ഉറവകൾ വറ്റുന്ന വേനൽ,
പരന്ന കായലും മെലിഞ്ഞ പുഴയും
വെറുപ്പിന്റെ മണലുകളെ നിരത്തി തുടങ്ങിയിരിക്കുന്നു..
ആഴത്തിലെ കിണറിൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രം
ഒരു കുടം സ്നേഹം
ഊറിക്കൂടുന്നു.. !!


 


 തൂങ്ങി നില്‍പ്പ് 
 
തൊലിപ്പുറം മുറിഞ്ഞതിനു
പിണങ്ങിമാറി നിന്ന
 പ്രണയ കാലമോർത്ത്‌
 ഉള്ളിൽ ചിരിക്കുന്നു
മുഴുവനായ്‌ മുറിഞ്ഞിട്ടും
ഇന്ന് തൊലിപ്പുറത്ത്‌ തൂങ്ങിനിൽക്കുമ്പോൾ..!!


വാക്കറ്റം:

ഉപരിതലം ശാന്തമായ കടൽ കരയിൽ നിന്നും എത്രയകലത്തിലായിരിക്കും?!
ഒരു കടലകലത്തിൽ ശാന്തരായിരിക്കുന്നു നാം ..!!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍