ഒരുമ


 ഒരുമ

ചിന്തകളുടെ
വെവ്വേറെ ഭ്രമണപഥങ്ങളിൽ,
എത്രകാലം ചേർന്നു നിൽക്കാനാകും
നമുക്ക്‌
ചില ചിത്രങ്ങളിലല്ലാതെ..
പേമാരി

ഓർമ്മകളുടെ പേമാരിയിൽ
നീയൊലിച്ചു പോകാതിരിക്കാൻ
നനഞ്ഞിട്ടും , കുട ചൂടി തരുന്നു
നിന്റെ ഇഷ്ടങ്ങൾക്ക്‌..നിന്റെയോർമ്മകൾ

എത്രയെത്ര നക്ഷത്രങ്ങൾ
കരങ്ങൾ നീട്ടിയിട്ടും
ഒന്നെത്തി പിടിക്കാൻ
പോലുമാകാത്ത വിധം
വലയം ചെയ്യുന്ന
നിന്റെയോർമ്മകൾ.. കഥകളുടെ ആകാശം

നക്ഷത്ര തുളകളുള്ള
ഇരുട്ടു നോക്കിയിരിക്കുന്നു
കഥകളുടെ ആകാശം
നക്ഷത്രങ്ങളോളം കഥകൾ
എത്ര തവണ കേട്ടാലും
മുഴുമിക്കും മുന്നേ
വെളിച്ചം വന്നെത്തി
പാതിയിൽ നിർത്തി വെക്കുന്ന
കഥകൾക്കൊപ്പം നീയും വാക്കറ്റം :

ഒരിക്കലും
ഒത്തു ചേർക്കാൻ കഴിയാത്ത
സ്വപ്നങ്ങളുടെ തുടലറ്റത്തെ
നരച്ച
ലോകങ്ങളായിരുന്നു നാം  

ഒറ്റ മാത്രമെന്നോർമ്മപ്പെടുത്തൽ..!
നീയൊപ്പമുണ്ടായിരുന്ന ഇറക്കം,
തിരിഞ്ഞിരിക്കുന്നു...
ജീവിതത്തിന്റെ മല കയറ്റം.
ഒരു വശത്ത്‌ ഒറ്റയെന്നുയരുന്നതിനെ
ആഞ്ഞു ചവിട്ടി താഴ്ത്താൻ ശ്രമിക്കുമ്പുഴേക്കും
മറുവശത്തുയർന്ന് ഒറ്റ മാത്രമെന്നോർമ്മപ്പെടുത്തൽ..!സാമ്യം

ഇരുളിലേറെ കൊതിപ്പിച്ച്‌
വെളിച്ചത്തിൽ
മാഞ്ഞു പോയത്‌ നന്നായി
ഒറ്റപ്പെട്ടൊരു സാമ്യതയിൽ
എന്നേക്കും ചേർത്തു വെക്കാൻ
തോന്നിയിരുന്നല്ലോ നിന്നെ..  
കടലാസ്‌ തോണി.
 
ഒഴുക്ക്‌ നിലച്ചിരിക്കുന്നു, യാത്രയും.
തുള്ളികളുറ്റി വീണു
കുതിർന്നലിഞ്ഞു
പോകുന്നു സ്വപ്നങ്ങളുടെ
കടലാസ്‌ തോണി.  ഞാനും ജീവിതവും


എത്ര ശ്രമിച്ചിട്ടും,
ഏതു യാത്രയിലും,
പാതിയെത്തും മുൻപെയുദിക്കുന്ന
നിന്റെയോർമ്മകളുടെ
നിറങ്ങളിൽ തട്ടി
വീണു പോകുന്നു.
ഞാനും ജീവിതവും..!!  രാവ്‌ തീരുന്നുവെന്ന്,

രാവ്‌ തീരുന്നുവെന്ന്,
ഇരുളിലെത്ര നാൾ
കുഴിച്ചിടും,
നമുക്കിടയിലെ നോവിനെ..
എത്ര നന്നായി തൂത്തു വെച്ചാലും
വെളിച്ചമടിക്കുമ്പോൾ
പറന്നു നടക്കുന്നു
നിന്റെയോർമ്മകളുടെ ധൂളികൾ..


വാക്കറ്റം

നിന്റെയോർമ്മകളെ
നേരിടാൻ കരുത്തു വേണമെന്നാഗ്രഹം
ഒരോ തവണയും
ഭൂതകാലത്തിന്റെ ഭാരം
താങ്ങാനാകാതെ
അടിതെറ്റി വീണു പോകുന്നു
ഞാൻ
 

മുറിവുണക്കി

മുറിവുണക്കി നിന്റെ വേദനകൾ
തീർന്നു പോകുമ്പോൾ,
കൺ മുന്നിലെ വെറും കാട്ടു ചെടികളായി മാറുന്നു,
മുറിവുണക്കിയ
തൊട്ടാവാടിക്കും കമ്മ്യൂണിസ്റ്റ് പച്ചയ്ക്കുമൊപ്പം
ഞാനും


  നനവ്


നാളുകളെത്ര കഴിഞ്ഞിട്ടും
തുള്ളികളായുറ്റി വീഴുന്നു
എന്റെയിഴകളിലൂടെ
നിന്റെയോർമകളുടെ നനവ്


ജ്വലനം 

തകർന്ന് പോയിട്ടും നിന്റെയോർമ്മയിൽ
ഒരു നിമിഷം കൂടി ജ്വലിച്ചു പോകുന്നു
ഞാൻ
മരിച്ചതിനു ശേഷവും പുറത്തു വരാൻ ശ്രമിക്കുന്ന,
ഉള്ളിലെവിടെയോ കുരുങ്ങിയ നിശ്വാസം പോലെ..


ചലനം

പതുക്കെയെങ്കിലും
നടന്നു തുടങ്ങിയിരുന്നെങ്കിൽ
ഏതേലുമൊരു ( ഹൃദയത്തിൻ) ചുവരിലെത്തിയേനേ
കാത്തിരുന്ന് തുരുമ്പിച്ച്‌
നടക്കാൻ പറ്റാതായിപ്പോയല്ലോ പ്രണയമേ..രുചി

 
കരഞ്ഞു
കരഞ്ഞ്‌
വിശപ്പു കെട്ടു പോയൊരു
വിരഹം
പഴയ
പ്രണയകാലത്തെ
രുചികളെ
ഓർത്തെടുക്കുന്നു.  
 ബാക്കി 

പെരുമഴയത്ത്‌
ഒലിച്ചു വന്നതിൽപ്പെട്ടതാകണം
വിരഹം പെയ്തു തീർന്നിട്ടും
തിരിച്ചിറക്കി വിടാനാകാതെ
മനസ്സിനുള്ളിൽ സൂക്ഷിച്ച്‌
നീ ചത്തു പോവുകയേയുള്ളൂ
 വാക്കറ്റം :

ആഴം കൂടുന്തോറും
നിശബ്ദമാകുന്ന
ഉൾക്കടൽ പോലെ
ഓർമ്മകൾ..
നേരമെത്ര കഴിഞ്ഞിട്ടും
മായാതെ കിടക്കുന്ന ജലരേഖകളിൽ
നീയിറങ്ങിപ്പോയ വഴി

ഉടലുണങ്ങിയിട്ടും തണലു നൽകുന്ന മരങ്ങൾ


 മഞ്ഞു തുള്ളി ജീവിതംകണ്ടുമുട്ടാനാകാത്ത
അകലത്തിലിരുന്ന് ഒരു സ്വപ്നത്തിന്റെ
കരം ഗ്രഹിക്കുന്നു,
ഒരേ പാതയിലേക്കെന്ന്
ചുവട്‌ വെക്കുന്നു..
'വെയിലുദിക്കുമ്പോൾ മാഞ്ഞു തീരേണ്ട
മഞ്ഞു തുള്ളി ജീവിതം !'  തണലു നൽകുന്ന മരങ്ങൾ

ഭൂതകാലത്തിന്റെ പച്ചയാണ്‌
കാലിനടിയിൽ കിരുകിരുക്കുന്നത്‌.
ഇനിയും ദ്രവിച്ച്‌ തീർന്നിട്ടില്ലാത്ത
ഓർമ്മകളുടെ ഞരമ്പുകൾ
ഉള്ളംകാലിൽ തൊട്ടു വിളിക്കുന്നു.
ഉടലുണങ്ങിയിട്ടും തണലു
നൽകുന്ന മരങ്ങൾ


മഴവില്ല്

മുറിഞ്ഞു
തീർന്നു പോകുന്നെന്റെ
നിറങ്ങൾ
നിന്റെയാകാശത്ത്‌
മഴവില്ലു തീർക്കയാൽ !!


സ്വപ്നങ്ങൾ
 
പറക്കാൻ
ചിറകുകൾ ഇല്ലെന്നറിഞ്ഞിട്ടും
കയ്യെത്താത്ത ഉയരത്തിലേക്ക്‌
മാറ്റി വെക്കപ്പെട്ട
സ്വപ്നങ്ങൾ.. 
ചങ്ങലകൾ

 
ഒറ്റ നിമിഷം കൊണ്ട്‌
തകർന്ന് തീർന്ന,
ഏറെ കരുതലിൽ
കാത്തു സൂക്ഷിച്ച
സ്വപ്നങ്ങൾ..!
കുതറും തോറും
മുറുകി വരുന്ന
ഓർമ്മകളുടെ
ചങ്ങലകൾ..!!


ഹ്രസ്വ യാത്രകൾ

എത്ര കുതിച്ചിട്ടും
കീഴടക്കാനാകാതെ
തളർന്ന് നിന്ന,
സങ്കട മലകളുടെ
പാതി താണ്ടിയെന്ന്.
കുഞ്ഞു സന്തോഷങ്ങളുടെ ചിറകിലെ
ഹ്രസ്വ യാത്രകൾ..
വാക്കറ്റം : 


ഇരുട്ടിൽ നക്ഷത്രങ്ങളെത്രെ വഴികാട്ടികൾ..
ബോധ പൂർണിമയിൽ
ആകാശം നിറയെ നക്ഷത്രങ്ങൾ..!

പ്രണയ മരീചികകൾ !

പ്രണയ മരീചികകൾ !


നീയിറങ്ങിയ
മനസ്സ്‌
മരുഭൂമി.
കണ്ണെത്തും ദൂരത്തോളം
പ്രണയ മരീചികകൾ !


നമ്മളിലേക്ക്‌..

നമ്മളിലേക്ക്‌..
നീയെത്തുന്നതും കാത്തിരിക്കുന്നു,
നമുക്കായതിർത്തി നിശ്ചയിച്ചിട്ടില്ലാത്ത ആകാശം.ഓര്‍മ്മ 


നീ പറഞ്ഞിട്ടേയില്ലെന്ന്,
അല്ലെങ്കിലും
ഓർമ്മയിലെ,
സ്വപ്നങ്ങളത്രയും പാതിയിൽ മുറിഞ്ഞവയല്ലെ..!പ്രണയ മഴ
 
മറന്നതാവില്ലെന്നെ, ഒഴിച്ചിട്ടതാകണം.
മരുഭൂമികളെയും നിലനിർത്തണമല്ലോ


വായന 

അരികു പൊടിഞ്ഞു തുടങ്ങിയെങ്കിലും
തുറന്നു തന്നെയിരിക്കുന്നു
നിനക്ക്‌ മുന്നിൽ,
ഒന്നു നോക്കൂ..
പ്രണയത്തെ വായിച്ചെടുക്കാൻ പറ്റുന്നില്ലേയെന്ന്..! പാലം


കരിച്ചു കളഞ്ഞ
വേനലിനു പിന്നാലെ വന്ന
പ്രളയ മഴയും തോർന്നിരിക്കുന്നു.
വാക്കുകൾ കൊണ്ട്‌ കെട്ടിത്തുടങ്ങുന്നു
നിന്റെ ഹൃദയത്തിലേക്കൊരു
പാലം..
 വാക്കറ്റം :

വാതിലുകൾ തുറന്നിട്ട്‌ ,
തൂത്തു തീർക്കുന്നു പ്രണയമാറാലകൾ..

മഴ തോർന്ന ഇളവെയിലിൽ മുളക്കുന്ന ഓർമ്മകൾ !ഒറ്റ
ഒറ്റയുടെ കൂടിനുള്ളിലായിരിക്കുമ്പോഴാണ്‌
ഉച്ചത്തിൽ കൂവിയാർക്കേണ്ടി വരുന്നത്‌
'നമ്മളു'ണ്ടായിരുന്ന കാലം
എത്ര നിശബ്ദമായിരുന്നു സ്നേഹം


ഓര്‍മ്മ നിഴലു പോലും കൂട്ടിനില്ലാത്ത
അകലത്തിലേക്ക്‌ മാറിയിട്ടും
ഒരു നെടുവീർപ്പിടെ വന്നു വിഴുങ്ങുന്നു
നിന്റെയോർമ്മയുടെ തിമിംഗല കുഞ്ഞുങ്ങൾ..


ഇറക്കം 
 
വീട്ടിലല്ലേ എന്നാരോ ചോദിക്കുന്നു;
നീയിറങ്ങിയപ്പോൾ
കൂടെയിറങ്ങിയതാണ്‌ ,
വാതിലുകൾ, ജനലുകൾ, മേൽക്കൂര..!
ഉറക്കമില്ലാത്ത രാത്രികളിലെത്ര
പരതിയിട്ടും കണ്ടെടുക്കാനാകുന്നില്ല
പഴയ നക്ഷത്രങ്ങളെ !


 വേദന 
 
മുറിച്ച്‌ മാറ്റി വെക്കുന്നു
എന്നത്തെയും പോലെ
ഒരു കഷണം.
നീ തുറന്ന് നോക്കാത്ത
എന്റെ മാത്രം വേദനകൾ.. ! മടുപ്പ്

മടുപ്പിന്റെ നെറുകയിലിരുന്ന്
തിരിഞ്ഞു നോക്കുന്നു.
നിറഞ്ഞിരുന്ന ഇടങ്ങളിലെ ഞാനില്ലായ്മ,
നിറഞ്ഞിരിക്കുന്ന ഇടങ്ങളിലെ ഞാനല്ലായ്മ !!തിരിച്ചിറക്കം

തിരിച്ചിറക്കം,
മണ്ണിലേക്ക്‌
ജീവിതത്തിലേക്ക്‌
ഏറെ നേരമില്ലിനി പകലിലേക്ക്‌, നിന്റെയോർമ്മയുടെ ഇരുട്ടു നീങ്ങുവാൻവാക്കറ്റം :
 
മഴ തോർന്ന
ഇളവെയിലിൽ മുളക്കുന്ന ഓർമ്മകൾ ! 
 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍