ഒരുമക്ലാസ് മുറിയിൽ
ഞാൻ ആകാശത്തെയും
നീ മഴവില്ലിനെയും
വരയ്ച്ചതോർക്കുന്നു
ചേർത്ത് വെച്ചാലും
നക്ഷത്രങ്ങൾ ക്കൊപ്പം
മഴവില്ല് ചേരില്ലെന്ന് പറഞ്ഞതും


 
 ഒരുമ 

മണലിൽ
ഉപ്പുകാറ്റേറ്റ് വെയിലിലുണങ്ങുന്നുണ്ട്
കടലിറക്കത്തിൽ
ബാക്കിയായതത്രയും ,
തമ്മിൽ ലയിക്കാതെ
ഒന്നിച്ചിരുന്ന്
കാലമെത്ര കടന്നു പോയി ! 


#ഏകാന്തത
ഒരേറു കൊണ്ട് തകർന്നു പോകേണ്ടതിനെയാണ്
ആഴ്ചകളോളം അടയിരുത്തി
വിരിയിച്ചെടുക്കുന്നത്. !   നമ്മൾ

ഇരുട്ടിൽ
അധിക നേരം ഒളിച്ചിരിക്കാനാകില്ല
നക്ഷത്രങ്ങൾക്ക്.
നിലാവ് വീണു പോകും
മുമ്പേ
കണ്ടുമുട്ടുക തന്നെ ചെയ്യും
നമ്മൾ.!
വാക്കറ്റം :
അകലേക്ക്
പറിച്ചു നടുമ്പോൾ
മുറിഞ്ഞു ബാക്കിയാകുന്നുണ്ട്
പലപ്പോഴായി
ആഴം തൊട്ടറിഞ്ഞ
വേരുകൾ
 

വായന ദിനത്തിലൊരാൾ പുസ്തകം വായിക്കുന്നു.

വായന ദിനത്തിലൊരാൾ പുസ്തകം വായിക്കുന്നു.
( നിങ്ങൾക്കറിയുന്ന പോലെ
മറ്റുള്ള ദിവസങ്ങളിൽ വായിക്കാറില്ലെ എന്ന ചോദ്യത്തിനിവിടെ കാര്യമില്ല)
അത്ര നല്ലതൊന്നുമല്ലെങ്കിലും
ആവശ്യക്കാർ ചീന്തി കൊണ്ട് പോയ
അവർക്ക് പ്രിയപ്പെട്ട ഭാഗങ്ങൾ
അറിഞ്ഞോ അറിയാതെയോ
മറ്റു ചിലർ ചേർത്തൊട്ടിച്ച ചില കടലാസുകൾ

തൊട്ടാൽ പൊടിഞ്ഞു പോകുന്ന
ചിലർ (രുടെ) ശേഷിപ്പുകൾ
അടിവരയിട്ടു ചെയ്തികളെ
ഓർമ്മിപ്പിച്ചു നിലനിർത്തുന്നവർ
ഊഴം കാത്തിരുന്നു എഴുതി ചേർത്തവർ
കൊണ്ട് പോയി അടച്ചു വെച്ച് തിരികെ ഏല്പിച്ചവർ
ചിത്രങ്ങൾ ചിന്തകള് ചിരികൾ
കണ്ണീര്, കടം കറുപ്പ്
പേജുകളടർന്ന് പോയ ഒറ്റ പതിപ്പുള്ള
പുസ്തകം - ജീവിതം

വാക്കറ്റം :
 
പാതി വഴി
ഒരേയകലം
നിന്നിലേക്കും
തിരിച്ചും
അകലെ
കൈമാടി വിളിക്കുന്നത്
നീയാകില്ല
കാത്തിരിക്കുന്ന മടുപ്പ്
തന്നെയാകും

ഒപ്പു കടലാസിൽ പകർത്തി വെക്കുന്നത്


 
ഒപ്പു കടലാസിൽ
പകർത്തി വെക്കുന്നു
ഓരോ യാത്രയേയും..
വിട്ടു പോകരുത്
നിന്നിലേക്കെത്തുന്ന
ഒരു ഇടവഴി പോലും.. ഓര്മ 

ഒരു ഫോണകലത്തിൽ
നീ നനഞ്ഞതത്രയും
ഓർമകളുടെ മരം പെയ്ത്താണ്
മഴ നിലച്ചിട്ട് നേരമേത്രയായി !


പേര് 
 
അരികിടിഞ്ഞ് വീതി കൂടുമ്പൊഴും
ആഴം കുറഞ്ഞു വരുന്നൊരു പുഴയെ
സൗഹൃദത്തിന്റെ പേരിലോർക്കുന്നു. 


പരവതാനി പച്ച

തേടി വന്നപ്പോഴേ
വിരിച്ചു വെച്ചിട്ടുണ്ട്
ഞാൻ,
നിന്റെ
നടവഴി നിറയെ
പരവതാനി പച്ച ! 


വാക്കറ്റം :

ഏറ്റവുമൊടുവിൽ നിന്റെ പേര് കടം കൊടുത്തത്
കടലിലെത്തുന്നതിന് മുന്നേ
വറ്റി പോകുന്ന നദികൾക്കായിരുന്നു.  

ഓർമകളിലേക്ക് ടാഗ് ചെയ്യുന്നതല്ലഓർമകളിലേക്ക് ടാഗ് ചെയ്യുന്നതല്ല
നമ്മള്, ' ഒറ്റ ' യിലേക്ക് ചുരുങ്ങിയപ്പോൾ
അറിയാതെ വന്നു പോകുന്നതാകും
അല്ലെങ്കിലും
ഒരേ വഴിയിലെ യാത്രക്കാരിൽ
ഒരാളെ മാത്രം എങ്ങനെ നനയ്ക്കാൻ പറ്റും
മഴയ്ക്ക്വായന 
 
നിന്നെ മറന്നിട്ടല്ല,
വിലാസത്തിൽ നീയില്ലാത്ത കാരണമാണ്.
എഴുതിയയച്ച പ്രണയ ലേഖനങ്ങളെല്ലാം
എന്റെ വിലാസത്തിൽ വന്നു കിടപ്പുണ്ട്
വന്നൊന്ന് വായിച്ചു പോകണം !

ആഴം 
 
ഒരു വേരെങ്കിലും ആഴത്തിലേക്ക് പോയതിനെ
ഒരിക്കലും
കൂടെ കൊണ്ട് പോകാനാവില്ല.
ഇലകൾ കൊണ്ട് കലപില പറഞ്ഞു തലയാട്ടി നിന്നാലും
ഓർമ്മകളെ നിറച്ചാണ് കനം വെപ്പിക്കുന്നത് ഉടലിനെ
വേവലാതി കിളികളേ
 
ചിറകിന് ബലം വന്നിട്ടും
കൂട് ചോരുന്നതിനെ പറ്റിയും
പുഴ കവിയുന്നതിനെ പറ്റിയും ഓർത്തിരിക്കുന്ന
വേവലാതി കിളികളേ
ആകാശത്തിനെ ഉയർച്ചയെന്ന്
വിളിക്കുന്നത് കേട്ടിട്ടുണ്ടോ നിങ്ങൾ
 വാക്കറ്റം : 

നിലാവിൽ,
ഇലകൾ കുടഞ്ഞു
മഴയുണക്കുന്നു
മരങ്ങൾ ! 

നിറം കെട്ടു പോകുന്നൊരു വീട് !
മറന്നു വെച്ചതല്ല,
ഏറെ നാളിരുന്നുറച്ചു പോയതാണ്
ജനലിലൊരു ചെവി
വാതിൽക്കൽ കണ്ണുകൾ..
നിന്നെ കാത്തിരുന്നു
ഉറങ്ങാതെ
നിറം കെട്ടു പോകുന്നൊരു വീട് !


 കാഴ്ച 

കണ്ടുമുട്ടും മുന്നേ
നമ്മിലൊരാളോ രണ്ടുപേരുമോ
മരിച്ചു പോയേക്കാം
എങ്കിലും
നമ്മളിട്ടു പോയ അടയാളങ്ങളെ നോക്കി വരുന്ന
ഏതോ രണ്ടുപേർ
പരസ്പരം കണ്ടുമുട്ടുക തന്നെ ചെയ്യും  

 

ജീവിതം
 ആളില്ലാത്തിടത്ത് കാട് കയറുന്ന പോലെ
നീയില്ലാത്തിടത്ത് പടർന്നു കയറുന്നു ഏകാന്തത.
ഓർമകൾ ഒലിച്ചിറങ്ങിയിട്ടും
പുറത്തു കാട്ടാതെ
വലിച്ചെടുത്തു കനത്തു തൂങ്ങുന്നു
സ്പോഞ്ച് ജീവിതം.


മഴ 

യാത്രയിൽ
കയറി നിൽക്കാനിടമില്ലാത്ത
അപരിചിത സ്ഥലത്ത്
അപ്രതീക്ഷിതമായി ആർത്തലച്ചു
പെയ്ത് ആകെ നനച്ചു പോകുന്ന
മഴയ്ക്ക്
നിന്റെ ഓർമകളുടെ മണമാണ്.  


 വാക്കറ്റം : 
വിണ്ടുകീറിയ വിടവിലൂടെ
നീയോഴുകി ചേർത്ത് പിടിക്കുന്നത് കൊണ്ടാണ്
അല്ലെങ്കിൽ
എന്നേ തകർന്നു പോയേനെ.. 


 


മഷിത്തണ്ടിന്റെ കൂട്ടുകാര്‍