പ്രണയാസ്തമയം
























 എന്തിനായിരിക്കും നമുക്കിടയില്‍ 
ഇണക്കവും പിണക്കവും ഇതളുകളായി
ഇന്നലെയുടെ കറുത്ത പൂക്കള്‍ വിടര്‍ന്നത് ?
സങ്കല്‍പ്പ കഥകളുടെ ചതുപ്പ് നിലങ്ങളില്‍ പതിഞ്ഞ
ആദ്യ കാല്‍പ്പാടുകള്‍ ആരുടെതായിരിക്കും
എന്റേതോ, അതോ നിന്റേതോ ....

ഇന്ന് നിനക്ക് ചിരിക്കാന്‍
എന്റെ കുരുടന്‍ കിനാക്കളുണ്ട്
നാളെ നിനക്ക് മറക്കുവാന്‍
നമ്മള്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളുണ്ട്‌
മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍
ഓര്‍മ പിശാച് നിഴലുകളെ പിന്തുടരുമ്പോഴും
നീയെന്ന സ്വപ്നത്തെ
യാഥാര്‍ത്ഥ്യമാക്കാന്‍  മോഹിച്ചു പോയത്
എന്റെ തെറ്റ് 

തെറ്റും ശരിയും  ആപേക്ഷികമെന്നു അച്ഛന്‍
തെറ്റില്‍ നിന്നാണ് ശരിയുണ്ടാകുന്നതെന്ന്  അമ്മ
ഇതിലേതാണ് ശരിയെന്നറിയാതെ
ഇവര്‍ക്ക് പറ്റിയ തെറ്റായ ഞാന്‍

ഇനി നമുക്ക് ചിരിക്കാം ...
എന്തെന്നാല്‍
പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ്   നാം 
ഇനി നമുക്ക് പിരിയാം...
പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


സുഹൃത്തും സഹപാഠിയും ആയ ജിതിന്റെ , ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കവിത.
ബംഗ്ലൂരില്‍ പഠനത്തിനിടെ ഹൃദയ സംബന്ധിയായ അസുഖം വന്നു നമ്മെ
വിട്ടുപോയ ജിതിന്റെ ഓര്‍മ്മകള്‍ക്ക് ഈ ആഗസ്ത് 12  നു രണ്ടു വയസ്സ് തികയുകയാണ് .
പോളി ടെക്നിക് കോളേജ്   മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കവിത . 

ജിതിന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഇവിടെയും ഓര്‍ക്കുട്ട്  കംമുനിട്ടി ഇവിടെയും കാണാം
സുഹൃത്ത് ടോണി ജോണ്‍, ജിതിനെ കുറിച്ചെഴുതിയത്‌  ഇവിടെ വായിക്കാം

മഷിത്തണ്ടിന്റെ കൂട്ടുകാര്‍