രണ്ടിടങ്ങളിലെ
ഒറ്റയൊറ്റ ചിറകുകൾ.
ആകാശത്തെ സ്വപ്നം കണ്ടിരുന്നവർ
തേടികിട്ടിയ കൂട്ടിനൊപ്പം
ആകാശം തൊടാൻ ശ്രമിച്ചപ്പോഴൊക്കെ
ആയവും ആവൃത്തിയും
മാറി പലതവണ പരാജയപ്പെട്ടവർ.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്
പരസ്പരം കണ്ടു മുട്ടി
ആകാശം തൊട്ടിറങ്ങി
ഇണച്ചിറകുകളെന്നു
പ്രഖ്യാപിക്കുന്നു.
ഒരു പോലെ പറക്കുന്ന
ചിറകുകൾ എന്നാൽ
ആത്മവിശ്വാസം എന്നാണർത്ഥമെന്ന്
ചില്ലകൾ ചിരിക്കുന്നു
സന്തോഷങ്ങൾ
പകലസ്തമിച്ചാലും
നിഴലുകളില്ലാത്ത നിലാവിൽ
നിനക്കൊരുക്കി വെക്കുന്നു
സന്തോഷങ്ങൾ.
കൈചൂട് പകർന്നു മുത്തി കുടിക്കുന്ന ലഹരി
നിന്റെ ചുണ്ടോ
ചായയോ?
ഓരോ കാഴ്ചയിലും
കൈചൂട് പകർന്നു
മുത്തി കുടിക്കുന്ന
ലഹരി!
ദൂരം
ഒരു നിമിഷത്തിന്റെ ദൂരമേയുള്ളൂ
നിന്നിലേക്ക്
കൂടെയുള്ളപ്പോഴുള്ളതിന്റെയാവില്ല
കാത്തിരിക്കുമ്പോളുള്ളത്!
അസാധ്യം
പെയ്യാൻ പോകുന്നതോ
പെയ്തു തീർന്നതോ ആയ
മഴയെ ഒളിപ്പിക്കാനുള്ള
ആകാശത്തിന്റെ ശ്രമത്തെ
മഴവില്ല് പൊളിച്ചു കളയുന്ന പോലെ
കണ്ടുമുട്ടുന്നതിനു മുൻപോ ശേഷമോ
നിന്റെ സാനിധ്യത്തെ ഒളിപ്പിക്കാൻ
കഴിയുന്നില്ലെനിക്കും
സ്വപ്നങ്ങളെ
സ്വപ്നങ്ങളെ
ഊതിവീർപ്പിക്കുകയാണ്.
പൊട്ടിപ്പോകുമെന്നറിഞ്ഞാലും
ചിലപ്പോഴെങ്കിലും
നമ്മെളെയും കൊണ്ടുയരത്തിൽ
പറന്നാകാശത്തെ
തൊടുമെന്നോർത്ത്!
വാക്കറ്റം :
ദൂരെ നിന്ന് നോക്കുമ്പോൾ
ഇലയുണങ്ങിയ മരങ്ങൾക്കിടയിൽ
വേനലിൽ, തീപ്പിടിച്ചതെന്ന് കരുതും
വേരുകൾ പ്രണയത്തെ തൊടുമ്പോൾ
ചുവന്നു പൂക്കുന്നതാണ്
ഉടലു പൊള്ളിക്കാതെ ഉയർന്നു കത്തുന്നു
പ്രണയത്തിന്റെ പൂ ജ്വാലകൾ