ജീവിതം














ഏറെയകലെയല്ലാത്ത
ലെവൽ ക്രോസിൽ
തടഞ്ഞു വെക്കപ്പെട്ടിരിക്കുന്നു
കൺമുന്നിലൂടെ
കൂവി വിളിച്ചു
ജീവിതം
കടന്നു പോകുന്നു.

 

 ഫോസിൽ  
 
മണൽ പാടെന്ന്
തെറ്റായി വിളിക്കുന്നതാണ്.
കടലെത്തും മുൻപേ
തീർന്നു പോയ
പുഴയുടെ
ഫോസിൽ  



 കടൽ ക്ഷോഭം 

ചെവി ചേർത്തു വെക്കാം
ശംഖിൽ
കടലിരമ്പത്തെ കേൾക്കാൻ
ചെവിയോർത്തു പോകരുത്
ഓർമകൾക്ക്
കടൽക്ഷോഭമാണ്‌
 



അമ്മ
 
വേനല് തളർത്തിയ
മരങ്ങളെ
കുളിപ്പിച്ചുണക്കി
പുതിയ ഇലക്കുപ്പായം ഇടീച്ച്
വരിവരിയായി ഒരുക്കി നിർത്തുന്നു മഴ.
ആ നേരങ്ങളിൽ സ്കൂൾ കുട്ടിയുടെ അമ്മയാണ് ഞാൻ
എന്ന് മഴയ്ക്ക് തോന്നുന്നുണ്ടാകണം !



കാത്തുനിൽപ്പ് 
 
ഒരേ ആകാശത്തിൻ കീഴിൽ
ഇരു ധ്രുവങ്ങളിൽ
ഒരുമിച്ചു നിലാവ് കാണുന്നു.
അന്യോന്യം വീടെത്തും വരെ ഉറങ്ങാതെ കാത്തിരിക്കുന്നു.
വേറൊരു പുലരിക്ക്‌ ശേഷം
അതേ അകലത്തിൽ , അതേ ആകാശത്തിൻ കീഴിൽ
ഒരാള് വെയില് കൊള്ളുമ്പോൾ
മറ്റേയാൾ നിലാവ് നനയുന്നു.
ആരും ആരെയും കാത്തു നിൽക്കുന്നതായി
ഉറക്കെ വിളിച്ചു പറയുന്നില്ല. 



നക്ഷത്രങ്ങളാണ്
 
നക്ഷത്രങ്ങളാണ് ,
ഏറെ നേരം മറഞ്ഞിരിക്കനാകില്ല
ഇരുള് പരക്കുമ്പോൾ
എന്നെഴുതിയത് വായിച്ച്
ഉള്ളിൽ ചിരിച്ചു
അപരിചിതരായ നമ്മൾ
പരസ്പരം കടന്നു പോകുന്നു


 വാക്കറ്റം : 

കളഞ്ഞു പോയതല്ല
കളവ് പോയതാണ്
മുറിവ് തുന്നുന്ന സൂചി !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍