ഇനിയും ഏറെ നേരം കൂടെയുണ്ടാകില്ലെന്ന്









 ഇനിയും ഏറെ നേരം

കൂടെയുണ്ടാകില്ലെന്ന്,

അയക്കുന്ന ഓരോ മെസേജിലും

ഓർമ്മപ്പെടുത്തുന്നത്

കാണുന്നു


പറയാതെ വെച്ച

വാക്കുകളെ

കൊക്കൂണിലൊളിപ്പിക്കുന്നു


ഏറെയകലെയല്ലാതെ ഒരുനാൾ ജനൽചില്ലുകളിൽ

പൂമ്പാറ്റകൾ തട്ടി വിളിക്കും

പുറത്തിറങ്ങുന്ന നിന്നെ പൊതിയുന്ന

ശലഭങ്ങളെ കണ്ട് അത്ഭുതപ്പെടുന്ന

ചിത്രം ഇപ്പോഴേ ഓർത്തെടുക്കുന്നു





മുറിവുണക്കത്തിന്


മുറിവുണക്കത്തിന്

മരുന്ന് തേടി പോകുന്നു.

വടക്ക് നോക്കിയന്ത്രം പോലെ

ഒറ്റ ദിശയിലേക്ക് പോയി

ഓരോ തവണയും

തെറ്റായ ആളുകളുടെ അടുത്ത്

നടപ്പവസാനിക്കുന്നു.

തൊലിപ്പുറത്തോ ആഴത്തിലോ

പുതിയ മുറിവുകൾ ഏറ്റുവാങ്ങി

മരിച്ചു പോകാതെ

തിരിച്ചു നടക്കുന്നു.



കടലിറക്കം!


തിര മായ്ക്കുമെന്ന് കരുതി

തീരത്തെഴുതിയിട്ടതൊന്നും

കടല് കാണുന്നേയില്ല.

പൊരിവെയിലിൽ ഉപ്പു കാറ്റിൽ

അരികു പൊടിയുന്നുണ്ടക്ഷരങ്ങൾക്ക്..


വാക്കറ്റം :


മനസ്സ് പോലെ

തെളിഞ്ഞു,

പരന്നു കിടപ്പുണ്ടാകാശം.

എളുപ്പത്തിൽ

മാഞ്ഞു പോകാത്ത

അടയാളങ്ങൾ സമ്മാനിച്ച്

പാഞ്ഞു പോകുന്നു

ചിലർ








4 അഭിപ്രായങ്ങൾ:

  1. മനസ്സ് പോലെ

    തെളിഞ്ഞു,

    പരന്നു കിടപ്പുണ്ടാകാശം.

    എളുപ്പത്തിൽ

    മാഞ്ഞു പോകാത്ത

    അടയാളങ്ങൾ സമ്മാനിച്ച്

    പാഞ്ഞു പോകുന്നു

    ചിലർ

    മറുപടിഇല്ലാതാക്കൂ
  2. തിരിച്ചറിവുകൾ
    നല്ല വരികൾ
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. തിര മായ്ക്കുമെന്ന് കരുതി

    തീരത്തെഴുതിയിട്ടതൊന്നും

    കടല് കാണുന്നേയില്ല.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍