എത്തിനോട്ടം


























ഒരു തവണ നീ വന്നെത്തി നോക്കുമ്പോഴേക്കും 
വരണ്ടുണങ്ങി വിണ്ടു കീറിയയിടങ്ങളിൽ
പുതു നാമ്പുകൾ കിളിർക്കുന്ന അത്ഭുതം !


യാത്ര

ഏറെ പണിപ്പെട്ട് 
മടിയുടെ പുറന്തോട് നീക്കി 
നടത്തുന്ന യാത്രകളുടെ അവസാനത്തിൽ 
നീ ചിരിച്ചു കാത്തിരിക്കുന്നു.


ഇരുട്ടും നക്ഷത്രങ്ങളും


ചില ജീവിതത്തിലേക്ക് 
ശാസ്ത്രമെത്ര വിളക്ക് കാട്ടിയാലും
കണ്ണു ചിമ്മിയാലറിയാം
അന്ധവിശ്വാസത്തിന്റെ ഇരുട്ടും
അതിലെ നക്ഷത്രങ്ങളും


ഒറ്റ

നിഴലുകളില്ലാത്ത, 
രാത്രി നക്ഷത്രങ്ങൾക്കു കീഴിൽ
വെവ്വേറെയിടങ്ങളിൽ
ഒറ്റയെ കുറിച്ചെഴുതുന്നു
നമ്മൾ..


ഞാൻ

കടലെന്നെഴുതി വച്ചതിൽ 
നീയൊലിച്ചു പോകുന്നു
മുഴുമിപ്പിക്കാതെ ബാക്കി വെച്ചത്‌
കൗതുകത്തോടെ പൂർത്തിയാക്കി
മരുഭൂമിയിലുണങ്ങി പോകുന്നു ഞാൻ ..


തണൽ മരം 

നിന്നെ
നേരമിത്ര കാത്തിരുന്നിട്ടും
മുളച്ചിട്ടില്ല മടുപ്പിന്റെ വേരുകൾ..
ഉരുണ്ടു പോകാമായിരുന്നിട്ടും
ഒരു വിത്ത് പതിയെ തണൽ മരമാകുന്നു.


വാക്കറ്റം : 

നീ പെയ്തില്ല, ചാറി പോയതെയുള്ളൂ..
മഴപ്പാറ്റ കാത്തു നിന്നില്ല
പറന്നു തീർന്നിരിക്കുന്നു.

മഷിത്തണ്ടിന്റെ കൂട്ടുകാര്‍