വളർച്ചയുടെ പാഠങ്ങൾ


 

 

 

 

 

 

 

 

 

 

 

 കലപില പറഞ്ഞവർ
പറ്റിച്ചേർന്നിരുന്നവർ
ഓരോരുത്തരായി വിട്ടുപോകും
വെളിച്ചപ്പെട്ടുപോയ
മുറിവുകളെ പറ്റിയും
ഇപ്പോഴത്തെ ഏകാന്തതയെ പറ്റിയും
വാനമ്പാടികൾ ദേശാടനക്കിളികളോട്
പറഞ്ഞു കൊടുക്കും.
മണ്ണിനടിയിൽ
ശബ്ദമെത്താത്ത ആഴത്തിലെ
വേരുകൾ മാത്രമത് കേൾക്കില്ല.
ഏറെ കാത്തിരിക്കാത്ത മഴയെ,
വലിച്ചെടുത്തു പുതിയ ഇലകൾക്ക്
വേരുകൾ പറഞ്ഞു കൊടുക്കും
ഉപേക്ഷിക്കുക എന്നതും വളർച്ചയുടെ
പാഠമാണെന്ന്

 

എല്ലാവർക്കും പാകമാകുന്ന കവിതയെന്നാൽ

എല്ലാവർക്കും പാകമാകുന്ന
കവിതയെന്നാൽ
നിന്നെ കണ്ടുമുട്ടിയിട്ടില്ല
എന്നു മാത്രമാണർത്ഥം.
കാത്തു വെച്ചിട്ടുണ്ട്
നിന്നെയെഴുതാനുള്ള
കടലാസുകൾ !

 

 കവിതയിലിരിക്കുക എളുപ്പമാണ്

കവിതയിലിരിക്കുക എളുപ്പമാണ്.
ഇരുട്ടിനെ പകലാക്കിയും
പകലിനെ ഇരുട്ടാക്കിയും
കണ്ണു പൊത്തിക്കളിച്ചും
ഉറക്കെ ചിരിച്ചും, ഉറക്കെ പറഞ്ഞും
 ചൂണ്ടിക്കാണിച്ചും വിറപ്പിച്ചു നിർത്തിയും
വരിതീരും വരെ അതങ്ങനെ ഒഴുകും..
പുറത്തിറങ്ങുന്നതും
കാത്തിരിപ്പാണ്
ജീവിതം !

വാക്കറ്റം  :

 ഇലകളിൽ
മഴവില്ലിനെ
വരച്ചു പഠിക്കുന്നു
മരങ്ങൾ !

 

2 അഭിപ്രായങ്ങൾ:

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍