വേനല്‍
വിണ്ടുകീറി തൊണ്ടപ്പൊട്ടിച്ചത്ത വയലാണ്‌
പ്രായമെത്തും മുന്നേ പുഴ പെറ്റിട്ട മരുഭൂമി കുഞ്ഞിനെ പറ്റി പറഞ്ഞത്‌,
വന്നെത്തിയ വഴികളിലേക്ക്‌ തിരിച്ച്‌
പോകാനാവില്ലല്ലോ എന്ന് തലതല്ലി കരയുന്നു കടൽ.


 നമ്മൾ

മുറിവുകളിലൂടെ പ്രണയത്തിന്റെ
അവസാനത്തെ തുള്ളിയും 
വാർന്നു പോകുന്നു..
മുറിഞ്ഞിട്ടും വേർപെടാതെ 
ഒരു നിമിഷം കൂടി 
ചേർന്നിരിക്കുന്നു നമ്മൾ.. !!പ്രണയത്തിന്റെ കൈ രേഖകൾ

പൊഴിഞ്ഞു വീണിട്ടും
മണ്ണിലഴുകാതെ നിൽക്കുന്നു
ഇലഞരമ്പുകൾ..
പ്രണയത്തിന്റെ കൈ രേഖകൾ..
 മടുപ്പ്‌

ചേർത്തു ചേർത്തു നിർത്തി
ഇനിയുമടുക്കാൻ സ്ഥലമില്ലാതായപ്പോഴാണ്‌
മടുപ്പ്‌ മുളച്ചത്‌..
തണലില്ലാത്ത ഒറ്റത്തടിമരമാണ്‌ മടുപ്പ്‌..!!
സ്വപ്നം

നിലാവുദിക്കുമ്പോൾ നക്ഷത്രങ്ങളെ തിരയുന്നു
ആരുമില്ലെന്നോർത്ത്‌ രാത്രി മഞ്ഞ്‌ നനഞ്ഞ്‌,
പകലുറക്കത്തിൽ ഇരുട്ട്‌ സ്വപ്നം കാണുന്നു.

വാക്കറ്റം :

ഏറെ കൊതിച്ചിട്ടും തിന്നാതെ
വിളമ്പിക്കൊടുത്തു തുടങ്ങിയപ്പോൾ
കെട്ടുപോയ വിശപ്പാണ്‌ പ്രണയം..!!

പാലം
പുഴ വറ്റി മെലിഞ്ഞിട്ടും , പണിതുയർത്തിയ
നമുക്കിടയിലെ പാലത്തിലിരുന്ന്
നഷ്ടമായ ഇരു കരകളെക്കുറിച്ച്‌ വേവലാതിപ്പെടുന്നു..
പുഴയൊലിച്ചു തീർന്ന നീണ്ട മണൽപ്പായ, 
കരകളൊന്നിച്ച മണലിന്റെ മരുഭൂമി.


അപ്പൂപ്പൻ താടി

ഏതകലത്തിൽ നിന്നു തേടിവന്നിട്ടും,
നീയൂതിയകറ്റുന്ന
അപ്പൂപ്പൻ താടിയല്ലോ ഞാൻ...!!


മുറിച്ചു മാറ്റിയ വേരുകൾ 

പണ്ട്‌ പണ്ട്‌ ഏറെ പണിപ്പെട്ട്‌
മുറിച്ച്‌ മാറ്റിയ
വിഷച്ചാലുകളിലേക്ക്‌ നീണ്ട വേരുകളാണ്‌
അവർ തുന്നിച്ചേർക്കുന്നത്‌...
ഇരുട്ടിനൊപ്പം കാറ്റും;
വെളിച്ചം കെട്ടു പോകാനെളുപ്പമാണ്‌..!!

ചുവന്ന പൂക്കൾ

കയ്യാലപ്പുറത്തെ ചെമ്പരത്തി
നൊസ്റ്റാൾജിയയെ ഓർത്തെടുക്കുന്നു
മുറ്റം നിറയെ മഞ്ചാടി ക്കുരു
മുള്ളു മുരിക്കിൻ മുകളിലും
വിരിഞ്ഞു നിൽക്കുന്നു ചുവന്ന പൂക്കൾ.. വാക്കറ്റം :

വിഷു വരും മുമ്പേ കണിയൊരുങ്ങും മുമ്പേ
കാലം തെറ്റി പൂത്ത്‌
പൊഴിഞ്ഞു തീരുന്ന കണിക്കൊന്നകൾക്കൊപ്പമോ നീയും ?

കാത്തിരിപ്പ്


ഒരുമിച്ചടർന്നു വീണവരൊക്കെയും 
പലയിടങ്ങളിൽ വളർന്നു കായ്ചു തുടങ്ങിയിട്ടും
പൊരി വെയിലു കൊണ്ട്‌
നമ്മളിപ്പോഴും വിത്തിനുള്ളിൽ 
മഴ കാത്തിരിക്കുന്നു.. 


അമ്മത്തെങ്ങ്‌

' സൊണ്ണ്‌ ' കളിക്കാൻ മുതൽ
ഉണക്കി വിൽക്കാൻ വരെ
പല ഇഷ്ടങ്ങളിൽ കായ്ച്ചു നിൽക്കുന്ന
തെങ്ങു തന്നെയാണ്‌ പെണ്ണും


തിളക്കുന്ന ജീവിതത്തിലേക്കെറിഞ്ഞ്‌
ഉടലു പൊള്ളിയവൾ
ഒരു കൈത്തലം കൊണ്ടു പോലും
ഞെരിഞ്ഞമർക്കപ്പെടുന്നവൾ
രുചിയോടെ ചവച്ചിറക്കപ്പെടാൻ 
വിഭവമാകുന്നവൾ.. 

വാക്കറ്റം :

നിന്നെ നോക്കി നിൽക്കുന്ന
സൂര്യകാന്തികൾക്കു കീഴെ
പകലു വന്നെത്താനാകാത്ത
നിശാശലഭമായ്‌ ഞാൻ 

തകർച്ചചില്ലുകൾ തകർന്നുപോയ 
ജാലകങ്ങളിൽ വെയിലെത്തി നോക്കി
നിന്നെ അന്വേഷിക്കുന്നു
നീയില്ലെന്നറിഞ്ഞിട്ടും 
നിന്റെ മണമല്ലേയെന്ന് കാറ്റ്‌ മണത്ത്‌ നോക്കുന്നു
തകർന്ന് പോയെന്ന് ധൈര്യത്തിലാകണം
ഓർമ്മകൾ ഓരോ പോക്കിലും വന്നെത്തി നോക്കുന്നത്‌..
എത്ര നേരം
നിന്നെ ധ്യാനിച്ചിരുന്നിട്ടാണ്‌
ഒരു വാക്കു കൊത്തി പറക്കുന്നത്‌..


 ഗന്ധം

മുല്ലകൾക്കൊപ്പം നീയും പൂത്തിരിക്കുന്നു
തേൻ നുകരാനൊന്നു ചേർത്തു പിടിച്ചിട്ടു പോലുമില്ല
ഒരു കൈത്തലോടലിൽ നിന്റെ ഗന്ധം
വണ്ടിനൊപ്പം കാടിറങ്ങിപ്പോകുന്നു... 

 ബോൺസായ്‌

ചില്ലകൾ കുടപിടിച്ച
തണലിലാണ്‌ വേരുകൾ ഉറങ്ങുന്നത്‌
ആഴത്തിലേക്ക്‌ വിടാതെ മുറിച്ച്‌ കളയപ്പെട്ട വേരുകളുള്ള ബോൺസായ്‌
ഞാനുമൊരു മരമാണെന്ന് ഉറക്കെ നിലവിളിക്കാൻ ശ്രമിക്കുന്നു...

വാക്കറ്റം :

നിനക്കയച്ച പ്രേമലേഖനങ്ങൾ
പൊടിഞ്ഞു തീർന്നിട്ടും
നിന്നെയിപ്പോഴും ' ഇന്നലെ' കണ്ട പോലെ..

ഇരുട്ട്

ഇരുട്ട് 


എത്ര നേരം ചെറു വിളക്കുകൾ
കത്തിച്ചു വെച്ച വെളിച്ചമാണത്,
ഒരു കാറ്റയച്ചെത്ര പെട്ടെന്ന്
ഇരുട്ട് പുതക്കുന്നു നീ..!


വാശി

പറഞ്ഞു പറഞ്ഞു
വാക്കു തേഞ്ഞ് തീർന്നിട്ടും
മാറ്റമില്ലാതെ കിടക്കുന്നു
നിന്റെ വാശിയിലുറച്ച ചിന്തകൾ..!!


കടലിറക്കം

നീ ബാക്കിവെച്ച് പോയ
അടയാളങ്ങളെ നോക്കി
വേലിയിറക്കമെന്ന് ആശ്വസിക്കുന്നു,
കടലിറക്കം തന്നെയെന്ന്
മണലു പിറുപിറുക്കുന്നു..!!


ഇരകൾ

കൂർത്ത നഖങ്ങൾക്കിടയിലും 
ആകാശത്തെ തൊട്ടു നോക്കാൻ കൊതിക്കുന്നവർ
നഖം കൊണ്ട്‌ മുറിഞ്ഞ്‌ ചത്തു ജീവിക്കുമ്പോഴും 
വിടർന്ന ചിറകുകളുടെ വലിപ്പത്തെ കുറിച്ച്‌ വാചാലരാകുന്നവർ 
വെറും ഇരകളാണു സാർ വെറും ഇരകൾ

വാക്കറ്റം :

പെയ്തു തീരാത്ത വെയിലു നനഞ്ഞ്‌
നീണ്ടു പോകുന്ന നിഴലുകൾ..!!

മണ്ണാങ്കട്ടയും കരിയിലയും


മണ്ണാങ്കട്ടയും കരിയിലയും
വേനലിൽ തണലായും
തണുപ്പിൽ പുതപ്പായും
പരസ്പരം നമ്മളിങ്ങനെ 
പഴയ കഥയിലെ മണ്ണാങ്കട്ടയും കരിയിലയുമായിങ്ങനെ
കാറ്റും മഴയും കാത്തിരിക്കുന്നു..!!


നമ്മൾ

വെയിലു തളർന്നു പോയിട്ടും
വാടി വീഴാത്ത നമ്മൾ
കൈകോർത്തു നടന്ന നാളുകൾ..!!
എത്ര വേഗമാണ്‌ 
രാത്രി തീർന്നു പോകുന്നത്‌..!!വാക്കുകൾ കൊണ്ടെത്ര മുറുക്കെ
കെട്ടാനാകും

ഊതിവീർപ്പിച്ച്‌ എത്രനാൾ
ഉയരത്തിൽ പറത്തി വിടും
വാക്കുകൾ കൊണ്ടെത്ര മുറുക്കെ
കെട്ടാനാകും വായു ചോർന്നു പോകാതെ
ഒരു മുള്ളു പോലും കൊള്ളാതെ
ഇനിയുമെത്ര നാൾ
വലിയ വലിയ സ്വപ്നങ്ങളുടെ
എത്രയെത്ര കൊച്ചു കഷണങ്ങളാണ്‌
ചുറ്റിലും നമ്മെ നോക്കി ചിരിക്കുന്നത്‌.

'അമ്മ'യുരുട്ടി തീറ്റിച്ചത്‌,
ജീവിതത്തിന്റെ നെല്ലിക്ക ച്ചവർപ്പിൽ
പച്ച വെള്ളത്തോടൊപ്പം
മധുരിക്കുന്നു,
മലയാളം

മഴക്കാലം..!!

രു തുള്ളിയിൽ
ഒ(കു) ളിച്ചു കയറുന്നു
കാത്തിരുന്നെത്തിയ 
മഴക്കാലം..!!


വാക്കറ്റം :

ഒത്ത വാക്കിട്ടെത്ര
തിരിച്ചിട്ടും തുറക്കാത്ത
വാതിലുകളുള്ളൊരു
മനസ്സ്..!


നിന്നിലേക്ക്‌ നടന്നെത്തുമ്പോൾ
നിന്നിലേക്ക്‌ നടന്നെത്തുമ്പോൾ
നട്ടുച്ച വെയിലിലും പകലെത്തി നോക്കാത്ത കാടിന്റെ തണുപ്പ്‌
ചില്ലകൾക്കപ്പുറം
സൂര്യവെളിച്ചത്തിന്റെ നക്ഷത്ര കഷണങ്ങൾ
രാത്രിയിൽ വെളിച്ചത്തിന്റെ മിന്നാമിനുങ്ങുകൾ
സ്നേഹത്തിന്റെ വറ്റാത്ത നീരുറവകൾ
നിഴലുപോലുമില്ലാത്ത നട്ടുച്ചയുടെ
മരുഭൂമിയിലേക്കല്ലോ നീ കൈ ചേർത്തു വെക്കുന്നു..

ശലഭങ്ങൾ 
ഉദിച്ചുയരുന്ന ഇരുട്ടിൽ
വർണ്ണ രഹിത ചിറകുകൾ വീശി
ശലഭങ്ങൾ തേടി വരുന്നുണ്ട്‌
നമുക്കെന്നെ നഷ്ടപ്പെട്ടിരിക്കുന്നു..


പരിച
നവോത്ഥാന വെളിച്ചത്തിലായിരുന്നു
പെട്ടെന്ന് ജീവിതതണലിലേക്ക്‌ മാറിയതിനാൽ
ഇരുട്ടുമാറാത്ത കണ്ണുകളാണ്‌
ഇപ്പോഴവരുടെ പരിച !!


വാക്കറ്റം :
കാറ്റനങ്ങും മുൻപേ
ചിറകുകൾ വീശിയകന്നതാണ്‌
വെളിച്ചത്തിന്റെ ആദ്യ നോട്ടം
എന്റെ കണ്ണുകളിലായിരിക്കണം

നമ്മുടെ മാത്രം...

നമ്മുടെ മാത്രം ലോകത്തെ നമുക്കു മുന്നിൽ കൊട്ടിയടച്ച്‌ ആൾക്കൂട്ടം ചിരിക്കുന്നു
അവരങ്ങനെ നോക്കി നിൽക്കെ ,
അവരറിയാതെ നാം 
നമ്മുടെ മാത്രം കടലിൽ
മുങ്ങാങ്കുഴിയിടുന്നു
തീരത്ത്‌ തോളുരുമ്മുന്നു
ആകാശത്തിന്റെ അതിരുകളിലേക്ക്‌ പറക്കുന്നു
അവരെ നോക്കി
അതു പോലെ ചിരിക്കുന്നു


തീരത്ത്‌ ചത്തു കിടന്നത് 

അനക്കമില്ലാതെ 
തീരത്ത്‌ ചത്തു കിടന്നതാണ്‌ 
വേലിയേറ്റത്തിൽ 
ആഞ്ഞു വീശുന്ന 
തിരമാല..!!സ്വപ്ന മാളിക

നീ പിണങ്ങും വരെ 
തിര തകർക്കുന്നില്ല
നാം പണിത സ്വപ്ന മാളികയെ
അമർത്തി നടന്ന കാൽപാടുകളെ,
ചേർത്തെഴുതിയ പേരുകളെ..


വാക്കറ്റം :

ചൂടിൽ മഞ്ഞുരുകി 
കടലു കൂടുന്ന പോലെ 
പിണക്ക ചൂടിലുരുകി
പ്രളയ കടലു തീർക്കുന്നു നീ..

കാന്തം


കാന്തം എത്രയടുത്തിട്ടും
പിന്നെയും പിന്നെയും നിന്നെ
ചേർത്തു പിടിക്കുന്ന 
ഇരുമ്പു തരിയല്ലോ ഞാൻ


തുളസി

പറമ്പ്‌ നിറയെ കോൺക്രീറ്റും 
മുറ്റത്ത്‌ ഇന്റർലോക്കും വന്നപ്പോൾ 
വിശ്വാസത്തിന്റെ പേരിൽ 
ജീവിക്കുന്ന രക്തസാക്ഷിയാകേണ്ടി വന്നതാണ്‌
തുളസിക്ക്‌മേഘങ്ങൾ

മഞ്ഞുകാലത്തിലേക്ക്‌
വഴി തെറ്റി വന്നൊരു
മഴവില്ലിനെ
വിരട്ടിയോടിക്കുന്നു
കാറ്റിൻ ചിറകിലെ 
മേഘങ്ങൾ
വാക്കറ്റം :

ഇരുന്നു കത്തി
അകം പൊള്ളിക്കുന്നു 
ചൂടില്ലാത്ത തീ (നീ) !!

പ്രണയം

വേനലിൽ കിണറു വറ്റിച്ച്‌
അടിത്തട്ട്‌ വൃത്തിയാക്കുന്ന പോലെ
സ്നേഹത്തെ കോരി വറ്റിച്ച്‌
വിരഹത്തിന്റെ ഇടവേളകൾ നൽകണം,
എളുപ്പം കലങ്ങാത്ത തെളിനീര്‌ നിറയാൻ
എത്ര തെളിഞ്ഞിരുന്നാലും,
പിടിവിട്ടൊരു വാക്കു വീണ്‌
കലങ്ങിമറിയുന്ന കിണറാണ്‌ പ്രണയം !ഞാനും.. നീയും... !!

ഏതളവിൽ നനഞ്ഞിരുന്നാലും ഒന്നാവാതെ,
എത്ര കടലെടുത്താലും പിന്നെയും
ബാക്കിയാവുന്ന തീരം പോലെ
എത്രയടുത്തിട്ടും നമ്മളാകാത്ത
ഞാനും.. നീയും... !!


പാടുകൾ..!
എത്രയമർത്തി മായ്ചാലും
ഇടയ്കിടെ തെളിഞ്ഞു വരും
ആദ്യമായി
മനസ്സ്‌ തൊട്ടൊരു ചോക്ക്‌
വരച്ചിട്ട ചില്ലക്ഷരത്തിന്റെ 
പാടുകൾ..!വാക്കറ്റം : 

വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയിട്ടും
ഒരു മഴയുമ്മ കൊണ്ട്‌ തളിർത്തു പൂക്കുന്നു
കാട്ടിനുള്ളിലെ 'ഒറ്റ ' മരം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍