നമ്മൾ

ഒരേ ആകാശത്തിനു കീഴിലും 
ഒരേ നേരത്ത്‌ 
നമ്മിലൊരാൾ മഴയും 
മറ്റയാൾ വെയിലും കൊള്ളുന്നു
ഒറ്റയ്കൊറ്റയ്ക്ക്‌ മഞ്ഞിലലിയുന്നു..
പണ്ടെപ്പോഴോ
ഒരു സ്വപ്നം
ഒരുമിച്ച്‌ കാണാൻ കഴിഞ്ഞിരുന്നതിനെ
ഓർത്തെടുക്കുന്നു
നമ്മൾ..


പൂമരക്കീഴില്‍ 


ഏതു വേനലിലും 
പെരു മഴയത്തും 
ചുവന്നു പൂവിടുന്ന 

വിഷാദത്തിന്റെ പൂമരക്കീഴിലാണെന്നും..


വാക്കറ്റം :
വൈകി തളിരിട്ട ആ ഒറ്റ ഇല നീയായിരുന്നു.. 
വിഷാദത്തിന്റെ ആദ്യ തീക്കാറ്റിൽ തന്നെ 
നിശബ്ദമായി കരിഞ്ഞു പോയതും..

ഉൾക്കടൽ ജീവിതം..!

നിന്റെ തീരത്ത്‌ നങ്കൂരമിട്ട
സ്വപ്നങ്ങളെ
ദിശയറിയാത്ത ആഴക്കടലിലേക്ക്‌
ആരോ വലിച്ച്‌ കൊണ്ട്‌ പോകുന്നു...
തീരത്തേക്കുള്ള
വഴി മറന്നു പോയൊരു തിര,
കരയെക്കുറിച്ചോർമ്മിപ്പിക്കുന്നൊരു
ഉൾക്കടൽ ജീവിതം..!


സൗരയൂഥം

എന്നിലേക്ക്‌ ചെരിഞ്ഞൊരു
അച്ചുതണ്ട്‌ ഉണ്ടെങ്കിലും
സ്വന്തമായൊരു ഭ്രമണപഥവും നിരവധി ഉപഗ്രഹങ്ങളുമുള്ള,
സ്വയം പ്രകാശിക്കുന്ന,
ജീവനുള്ള ഗ്രഹം തന്നെയാണ്‌
ഇടയ്ക്കെപ്പോഴെങ്കിലും ഒന്നടുത്തു വരാറുണ്ടെന്നേയുള്ളൂ..


കഥകളുടെ കൂമ്പാരമാണ്‌

കഥകളുടെ കൂമ്പാരമാണ്‌,
ഒരറ്റത്ത്‌ നിന്ന് തീ കൊളുത്താം എന്ന് കരുതുമ്പോൾ
അവിടൊക്കെ
നീ
ചിരിക്കുന്നു...


വാക്കറ്റം :

പോകുന്നിടത്തൊക്കെ വിഷാദം പെയ്യിച്ചാകെ നനക്കുന്നു എന്റെയാകാശം..

മഴവില്ല്


മഴവില്ല്  കാണാനാളും അൽഭുതവും
ഇല്ലാതിരിക്കുമ്പോൾ ഇത്രയും സ്ഥലം കളയുന്നൊരു
മഴവില്ലൊക്കെ ആർഭാടമാണെന്നേ
മുറിച്ചെടുത്ത്‌ കുട്ട്യോൾക്ക്‌ കളിക്കാൻ കൊടുക്കണം...ജീവിത താളുകൾ

പലതവണ പറഞ്ഞു കൊടുത്തിട്ടും
പിന്നെയും പിന്നെയും തെറ്റെഴുതി ചേർക്കുന്നവൾ..
ഓർക്കണം
ആ ഒറ്റ വാക്കെഴുതാൻ ശ്രമിച്ച്‌
തീർന്നു പോകുന്നു ജീവിത താളുകൾ..


മുറിവുകള്‍ 

ഓർക്കണം,
ഞാൻ തെളിച്ചിട്ട വഴികളിലൂടെ മാത്രമാണിന്നും
നിന്റെ സഞ്ചാരം.
വളവുകളും തിരിവും കല്ലും മുള്ളും - ഒന്നും
ഞാനറിയാതെയായി
ആ വഴിക്കില്ല
വീണ്ടും വീണ്ടും
നിന്റെ കളവുകളുടെ കുപ്പിച്ചില്ലുകൾ കൊണ്ട്‌
മുറിവേൽക്കാൻ വയ്യ.. !!


വാക്കറ്റം :
സ്നേഹം നനച്ച്‌ വളർത്തിയിട്ടും പതിരു വിളയുന്ന പാടത്താണ്‌, കൊയ്ത്തിനിറങ്ങിയത്‌

പ്രണയംജീവിതത്തിലേക്ക്‌ നീയെത്തുമ്പോൾ മാത്രമാണ്‌
തൊലിപ്പുറത്ത്‌ മഴവില്ല് കാട്ടാൻ തുടങ്ങിയത്‌..
തെളിഞ്ഞു കാണുവാൻ പുറത്തെടുത്തപ്പോഴെക്കും
ശ്വാസം മുട്ടി ചത്തു പോയിരുന്നു പ്രണയം...#2 വിരൽത്തുമ്പ്‌ വിട്ട്‌ ഒറ്റയ്ക്ക്‌ നടക്കാനും
ഇഷ്ടമുള്ള വഴികളിലൂടെ
ആൾക്കൂട്ടത്തിലേക്ക്‌ ഊളിയിട്ട്‌
വല്ലപ്പോഴും തിരിച്ചെത്തുന്ന
വിധം
വളർന്ന് പോയിരിക്കുന്നു
പ്രണയം..
വാക്കറ്റം :
 വീണുപോകാതിരിക്കാൻ
കൈക്കുമ്പിളിലെടുത്തു വെച്ചത്‌..
കൈച്ചൂടു കൊണ്ടുരുകിയൊലിച്ച്‌
തീർന്നു പോകുന്നു.
സൂര്യകാന്തി‬

മുഖം വീർപ്പിച്ചിരിപ്പുണ്ടൊരുത്തി,
കാമുകൻ
കടലിൽ മുങ്ങിച്ചാകാൻ പോകുന്നതും നോക്കി
ഒരു പകലു മുഴുവൻ
വായ്‌ നോക്കി ചിരിച്ചോണ്ടിരുന്നവൾ..!!ചീട്ട്‌കൊട്ടാരം

ശ്വാസം പോലുമടക്കിപ്പിടിച്ച്‌
ഒരറ്റത്തു നിന്നേ
വച്ചു വളർത്തി കൊണ്ട്‌ വരുമ്പോൾ
എത്ര ലാഘവത്തിലാ
നീ തട്ടിയെറിഞ്ഞിറങ്ങി പോകുന്നത്‌..
വാക്കറ്റം :

വാക്കേറ്റു മുറിഞ്ഞ്‌
ചോര വാർന്ന്
മരിക്കാൻ കിടക്കുന്നു
പ്രണയം.

കത്ത്കിടക്കും മുൻപേ
ജനാലകൾ തുറന്നിടണം
ചിറകുള്ളൊരു വാൽനക്ഷത്രത്തിന്റെ കയ്യിലാണ്‌
അവസാനത്തെ കവിത കൊടുത്ത്‌ വിട്ടത്‌
ഉറക്കമുമ്മ വെക്കും മുന്നേ പടിഞ്ഞാറുദിക്കും,
 കൈപ്പറ്റണം..
ഉണരുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നത്തിലേക്ക്‌
എഴുത്തിടാൻ വയ്യ..കാറ്റ്‌ 

ഇലഞ്ഞിമരച്ചുവട്ടിലൂടെ
നടന്നെത്തിയ
കാറ്റ്‌ പറഞ്ഞിട്ട്‌ പോയി
നീ ഉണർന്നിരിപ്പുണ്ടെന്ന്...വാക്കറ്റം :
അല്ലേലും നമ്മളങ്ങനെയാ 
ഓരോ അനക്കവും വലുതാക്കി കാട്ടുന്ന ചില്ല് പാത്രങ്ങൾക്കുള്ളിലേക്കാ 

പ്രണയത്തെ പിടിച്ചിടുക..

വിളക്കുകൾ


തെരുവ്‌ വിളക്കുകൾ കത്താൻ തുടങ്ങിയപ്പോൾ
മാടനും മറുതയും 
പ്രേതവും
 യക്ഷിയും ഭൂതവും
 ഇറങ്ങി നടന്നൊരു വഴിയില്ലേ
അതുവഴിതന്നെ പോകും 
ദൈവങ്ങളും
ഉള്ളിലറിവിൻ വിളക്കുകൾ തെളിയാൻ 
തുടങ്ങുമ്പോൾ.


പറിച്ചെടുത്തതു പോലെ 

അതിരാവിലെ 
ഉറക്കത്തിൽ നിന്നെന്നെ 
പറിച്ചെടുത്തതു പോലെ വലിച്ചിറക്കിയതിനാലാകണം
പ്രണയത്തിൻ പാതിയിപ്പോഴും 
വഴിയിലെവിടെയോ 
മുറിഞ്ഞു തൂകുന്നത്‌


വാക്കറ്റം :

തിരക്കുകളിലെന്നും അവസാന അജണ്ടയാണ്‌ നിന്നോടുള്ള സംസാരം.. 
ഒരുമ്മ കൊണ്ടെന്നും പിണക്കത്തെ മായ്ച്ചു കളയാമെന്നുള്ള വിശ്വാസവും...
ഓഫ്‌ :- 
തിര വന്ന് തലതല്ലി ചത്താലും 
കല്ലിങ്ങനെ നോക്കി ചിരിക്കും 
അല്ലേൽ പിന്നെ അതിനെയാരേലും കല്ലെന്നു വിളിക്കുമോ...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍