പെണ്ണ്


ഇതളോളം വലുപ്പമുള്ള
ചിറകുകള്‍ താഴ്ത്തി 
ചിത്രശലഭം ചുംബിക്കുന്നു. 
'നമുക്കൊരു യാത്ര പോയാലോ ?'
പൂവ് ചോദിച്ചു.
പറിച്ചെടുക്കേണ്ടി വരുമെന്ന്
ഒര്മിപ്പിച്ച് -
പെണ്ണെന്ന്
വേരുകളുടെ മുറു മുറുപ്പ്.
ചിറകുണ്ടായിട്ടും
വിട്ടുപോകാത്ത ശലഭം ചിരിച്ചു,
കാറ്റ് എന്നെ പൂമണം പേറി
യാത്ര തുടങ്ങി !


വാക്കറ്റം :
ഉണങ്ങാത്ത ഒറ്റ തടിയില്‍
സ്നേഹത്താല്‍ ചുറ്റി പടര്‍ന്നിട്ടും
ഉമ്മ പൂക്കാത്ത വള്ളിച്ചെടികള്‍

നിലാവ്

നമ്മള്‍ നിശാക്കാറ്റ് കൊള്ളാനിറങ്ങിയ 
രാത്രിയിലാണ് 
 മേഘങ്ങള്‍ നേരത്തെ കിടന്നുറങ്ങിയതും 
നക്ഷത്രങ്ങള്‍ വരാന്‍ വൈകിയതും 
നാം മറന്നു വെച്ച നിലാവ്
പതച്ചു തൂവുന്നു

വാക്കുണ്ട
പണ്ട് 
നെഞ്ചിലേക്കുതിര്‍ത്ത തോക്ക്
തുരുമ്പിച്ച് പൊടിഞ്ഞു പോയിട്ടുണ്ടാവണം 
തുരുമ്പിച്ച വാക്കുണ്ട കൊണ്ട് മുറിഞ്ഞ് 
നെഞ്ചു നീറുന്നു

വാക്കറ്റം :
ഒറ്റ വാക്കിന്റെ ഒറ്റ വരി,
ലോകം പൂത്തുലയുന്നു..
കണ്ണുകളിലാണ് പ്രപഞ്ചം !!


മഷിത്തണ്ടിന്റെ കൂട്ടുകാര്‍