ഒരു കുട നിറഞ്ഞു മറിഞ്ഞ് നനയാനുള്ള മഴ,
ചളി വെള്ളം തെറിപ്പിച്ചു നടക്കാനുള്ള ഇടവഴി,
ഒരു കല്ലു സ്ലേറ്റ് , മഷിപ്പേന നോട്ടു പുസ്തകം ..
( അറിഞ്ഞോ.. രാഘവേട്ടന്റെ മോന്റെ കയ്മലെ
കമ്പ്യൂട്ടറിന്റെ പേരും നോട്ട് ബുക്ക് എന്നാണത്രേ ..!!)
വക്കു പൊട്ടിയ കഞ്ഞി പാത്രം ഒരു തുണി സഞ്ചി
മതി ഇത്രേം മതി സ്കൂൾ ദിവസങ്ങളിൽ ..
അല്ലാത്തപ്പോ ,
പാലത്തിന്റെ മോളീന്ന് മലക്കമിട്ടാൽ
25 വരെ എണ്ണി കഴിയുമ്പോൾ മാത്രം
പൊങ്ങി വരാനുള്ളത്രയും തോട്ടു വെള്ളം ..
മാപ്ലേന്റെ പറമ്പ് ന്ന് കരിക്ക് മാട്ടി
ഒറ്റയോട്ടത്തിനു ഓടിക്കയറാനുള്ള കുന്ന് ..
ആ കരിക്ക് ഇടിച്ചുരിക്കാനുള്ള പരമ്പരാഗത പാറക്കല്ല്
മതീപ്പാ .. ഒരു വരുംകാല മഴക്കാല നൊസ്റ്റാൾജിയക്ക്
ഇത്രേംമൊക്കെ മതി...
മഴ
പ്രണയത്തിനു ചിറകുകൾ
സങ്കൽപ്പിക്കുമ്പോൾ
മഴ പാറ്റകളെയാണിപ്പോൾ ഓർമ്മ
വരുന്നത്..
മണ്ണും മനസ്സും കുളിർപ്പിച്ച്
വേനൽമഴ പെയ്തതിന്റെ പിറ്റേന്ന്
ചെറു സുഷിരങ്ങളിലൂടെ
മുളച്ചു പൊന്തുന്ന മഴ പാറ്റകൾ..
ചിറകടിച്ച് പൊങ്ങിയുണർന്ന്
ചുറ്റിപ്പറന്ന്
അവിടെത്തന്നെ ചിറകറ്റു വീൺ
അപ്രത്യക്ഷമാകുന്നവ...
പിന്കുറിപ്പ് :
കയ്യകലത്തിൽ ആർത്തലച്ചു പെയ്തിട്ടും
ഒരു തുള്ളി പോലും നനയാത്ത
മഴയ്ക്കും എന്റെ പ്രണയത്തിനും ഒരേ ചുവ .. !!