കടം കൊടുത്ത് തിരികെ കിട്ടിയ കാതുകളെ പറ്റി


 













കടം കൊടുത്ത്

തിരികെ കിട്ടിയ

കാതുകളെ പറ്റിയാണ്.

നിശബ്ദതയാണെന്ന് തോന്നും,

പറഞ്ഞു തീർത്ത കഥകളെ

അവ  ഓർത്തെടുക്കാൻ

ശ്രമിക്കുന്നതാണ്



തിരിഞ്ഞു നോക്കുന്നേയില്ല


പഴയത് പോലെ

പെൺകുട്ടി

കഥ കേൾക്കാനാളുണ്ടോയെന്ന്

ഉറക്കെ വിളിച്ചു ചോദിക്കുന്നു

ചൂട് വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ

അങ്ങോട്ട് തിരിഞ്ഞു നോക്കുന്നേയില്ല

കഥയെന്ന് കരുതി

ജീവിതം കേട്ട ഒറ്റയാളും.


വഴി തെറ്റി വന്നൊരു വാക്ക്


വഴി തെറ്റി വന്നൊരു

വാക്ക് കുശലാന്വേഷണം

നടത്തി തിരിച്ചു പോകുന്നു.

ഭൂമിയിൽ കാലുറപ്പിച്ച് നിന്ന്

ഒരേ ആകാശത്തിന്റെ

സന്തോഷം  ഡൗൺലോഡ്

ചെയ്യുന്നു



ആ വണ്ടി


പ്രധാനപ്പെട്ട

സ്റ്റോപ്പല്ലേയെന്നു കരുതി

കൈ നീട്ടാതെ കാത്തിരിക്കും

ആരുമാരും ഇറങ്ങാനില്ലാത്തതിനാൽ

കണ്മുന്നിലൂടെ

നിർത്താതെ കടന്നു പോകും

സ്നേഹം നിറച്ചു വരുന്നതാണെന്ന്,

കാത്തിരുന്ന ആ വണ്ടി



വിവർത്തനം


മുല്ല പൂത്തതെന്നു നീ പറയുന്നു

പ്രണയ ഗന്ധമെന്നും.

രാത്രിയിലെ

നമ്മുടെ സംസാരത്തെ

അതിനു സാധ്യമാകുന്ന

ഭാഷയിലേക്ക്

വിവർത്തനം ചെയ്തതാകാം

മുല്ല വള്ളികൾ



മുറിവുകൾക്ക് മേൽ നിന്നെ ചേർത്ത് കെട്ടുന്നു


ഉണങ്ങിയിട്ടില്ലൊരു മുറിവും, 

നീ തൊടുമ്പോൾ, തളിരുകൾ

അവയെ ഒളിച്ചു വെക്കുന്നു.

മുറിവുണക്കാൻ നീ തരുന്ന

ഒറ്റമൂലികൾ താൽക്കാലത്തേക്ക്

വേദനകളെ  മായ്ക്കുന്നു

പറിച്ചെടുത്തു കൊണ്ടല്ലാതെ

പിരിഞ്ഞു പോകാൻ പറ്റാത്ത വിധം 

മുറിവുകൾക്ക് മേൽ

നിന്നെ ചേർത്ത് കെട്ടുന്നു


എത്ര നേരം 


എത്ര നേരം 

മിണ്ടാതിരിക്കാം..?

അനങ്ങിത്തുടങ്ങിയിട്ടും

അലിയാതെ, കലരാതെ

കല്ലും  വെള്ളവുമായിയിരിക്കാൻ

കഴിയുന്നത്രയും കാലം..!


വാക്കറ്റം: 

 

ഊതി വീർപ്പിച്ചതെന്നു കരുതി

കുത്തിപ്പൊട്ടിക്കുന്നു,

പരിഭവത്തിലാകെ

നനയ്ക്കുന്നു

പിണക്കത്തിന്റെ

വാട്ടർ ബലൂണുകൾ..




3 അഭിപ്രായങ്ങൾ:

  1. ആരുമാരും ഇറങ്ങാനില്ലാത്തതിനാൽ

    കണ്മുന്നിലൂടെ

    നിർത്താതെ കടന്നു പോകും

    സ്നേഹം നിറച്ചു വരുന്നതാണെന്ന്,

    കാത്തിരുന്ന ആ വണ്ടി...

    മറുപടിഇല്ലാതാക്കൂ
  2. പരിഭവത്തിലാകെ

    നനയ്ക്കുന്നു

    പിണക്കത്തിന്റെ

    വാട്ടർ ബലൂണുകൾ..

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍