ഗുൽമോഹർ


ഓരോ വേനലോർമയിലും
പൊള്ളുന്ന ഒരു കനലുണ്ടാകും,
കെടാതെ,
എല്ലാ മനസ്സിലും .
വഴികളിലെല്ലാം അതോർമ്മിപ്പിക്കുന്നുണ്ട്, 
വേനലിൽ നിറഞ്ഞു പൂത്ത്
വസന്തത്തിൽ കൊഴിഞ്ഞു പോകുന്ന
ഗുൽമോഹർ സ്നേഹം

നിറഞ്ഞൊഴുകി നനച്ചിരുന്ന
കാലം വെയിലെടുത്തു
ഉറവകളിൽ
നിന്റെ പേരെഴുതാൻ പാകത്തിൽ
നേർത്തു നേർത്തൊലിച്ചിറങ്ങുന്നു
സ്നേഹംതാളം

കാത്തിരുന്നു
ഉണങ്ങിപ്പോവുക തന്നെ ചെയ്യും
വേരു പോയ വഴിയേ
ഉറുമ്പുകൾ വീടൊരുക്കുന്നത് കാണും
നീണ്ട നാളുകൾക്കു ശേഷം
നനഞ്ഞ വിരലുകൾ നീട്ടി
നീ തൊടുമ്പോൾ
ഉറക്കത്തിൽ നിന്നുണർന്ന പോലെ
പുതിയ ഇലകൾ താളം പിടിക്കും.. 


ജീവിതം

മുറിഞ്ഞു വീണാൽ
ഉയിർ കൂടുമെന്നോർത്ത്,
വെട്ടിയരിഞ്ഞ് കൂട്ടിയിട്ട് കത്തിച്ചാലും
ആദ്യ മഴയ്ക്കു ശേഷം വന്നു നോക്കണം.
തലയുയർത്തി നില്‌ക്കുന്നവരെ 
മണ്ണിൽ നിറഞ്ഞു നിൽപ്പുണ്ട് വേരുകൾ, ജീവിതം.

ചെമ്പരത്തി

കയ്യാലപ്പുറത്തെ തേങ്ങാ എന്നത് പോലെയേയല്ല
കയ്യാലപ്പുറത്തെ ചെമ്പരത്തി.
ഉണങ്ങിപ്പോയെന്നു തോന്നിയാലും
കാലഭേദങ്ങളില്ലാത്ത ഭ്രാന്തിനൊപ്പം
ചെവിയിൽ കയറിയിരിക്കാൻ
വേനൽ മഴയിൽ വരെ പൂത്തുകളയും..!

വാക്കറ്റം :


ചെറിയ ഭൂമിയിൽ
എത്ര നാള് വരെ കണ്ടുമുട്ടാതിരിക്കാൻ കഴിയും നമുക്ക്?.

വേനലെന്നാൽ
മറ്റൊന്നുമല്ല, നാളിതു വരെയുള്ള
നമ്മുടെ ഒളിച്ചു കളി !

2 അഭിപ്രായങ്ങൾ:


 1. ചെറിയ ഭൂമിയിൽ
  എത്ര നാള് വരെ കണ്ടുമുട്ടാതിരിക്കാൻ കഴിയും നമുക്ക്?.

  വേനലെന്നാൽ
  മറ്റൊന്നുമല്ല, നാളിതു വരെയുള്ള
  നമ്മുടെ ഒളിച്ചു കളി !

  മറുപടിഇല്ലാതാക്കൂ
 2. മുറിഞ്ഞു വീണാൽ
  ഉയിർ കൂടുമെന്നോർത്ത്,
  വെട്ടിയരിഞ്ഞ് കൂട്ടിയിട്ട് കത്തിച്ചാലും
  ആദ്യ മഴയ്ക്കു ശേഷം വന്നു നോക്കണം.
  തലയുയർത്തി നില്‌ക്കുന്നവരെ
  മണ്ണിൽ നിറഞ്ഞു നിൽപ്പുണ്ട് വേരുകൾ, ജീവിതം.

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍