ഒരിക്കലെങ്കിലും ആരുടെയെങ്കിലും




 









ഒരിക്കലെങ്കിലും

ആരുടെയെങ്കിലും 

അക്വേറിയത്തിലെ മീനായി  മാറാത്ത ഒരാളുമുണ്ടാകില്ല

കൃത്യമായ ഇടവേളകളിൽ

കുശലാന്വേഷണം, ഭക്ഷണം, കാഴ്ച

വിരുന്നു വന്നവർക്ക് വിളിച്ചു കാണിക്കുന്ന വി  ഐ പി 

ഒരുമിച്ചെടുക്കുന്ന

ഓരോ ഫോട്ടോയും നിരവധിപേർ കാണുന്ന സ്റ്റാറ്റസ്

കാണുന്നവരൊക്കെ ജീവിതത്തിലിടമെന്നും

ഓരോ ശ്വാസത്തിലെയും ഓർമ്മയെന്നും തെറ്റിദ്ധരിച്ചു പോകും

ചില്ലു കൂടൊന്നു പൊട്ടി

ശ്വാസം  കിട്ടാതെ മരിച്ചാലും

ഏറെ വൈകാതെ അതേ സ്ഥാനത്ത് പുതിയ പുതിയ...


പകുത്തു നൽകാതെ


പകുത്തു നൽകാതെ

നാരങ്ങാ മിട്ടായി തിന്നുന്നു,

ബാക്കി വന്നവ

കൈയിൽ വെച്ച്

ഫോട്ടോയെടുക്കാൻ തുടങ്ങുമ്പോൾ

തെളിഞ്ഞു വരുന്നു

നീല മഷി കൊണ്ട് വരച്ചിട്ട

ഉള്ളം കയ്യിലെ

ജോളി, അഞ്ച്, പത്ത്, ഇരുപത്തിയഞ്ച്

പിന്നെ നിന്റെ പേരിന്റെ

ആദ്യാക്ഷരം.

ചില നേരങ്ങളിൽ 

ഓർമകൾക്ക് നാരങ്ങാ മിട്ടായിയുടെ

 രുചിയാണ്


അളവെടുത്തു നിർമ്മിച്ച


അളവെടുത്തു നിർമ്മിച്ച

ശവപ്പെട്ടി പോലെ

ഒറ്റയാൾക്കുമാത്രം പാകമാവുന്ന

കൂടാണ് ഏകാന്തത

കൂടെയുണ്ടെന്ന് പലവുരു

പറഞ്ഞവർ അളന്നു നോക്കി

എന്റെ പേര് വിളിക്കുന്നു


രുചി നോക്കി നോക്കി


രുചി നോക്കി നോക്കി

നേരമെത്തും മുൻപേ

തീർന്നു പോകുന്ന

മധുരപലഹാരം പോലെ

കണ്ടുമുട്ടിയ നേരം തൊട്ട് 

പറഞ്ഞു പറഞ്ഞു

തീർന്നു പോകുന്നു

വാക്കുകൾ



വാക്കറ്റം :


കൂടെയുണ്ടെന്ന് 

ചേർത്ത് പിടിക്കുമ്പോഴൊക്കെയും 

ഉള്ളിലോർമ്മകൾ ഞെരിയും

ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്ന് 

വീണ്ടും ചോര പൊടിയും


3 അഭിപ്രായങ്ങൾ:

  1. കൂടെയുണ്ടെന്ന്

    ചേർത്ത് പിടിക്കുമ്പോഴൊക്കെയും

    ഉള്ളിലോർമ്മകൾ ഞെരിയും

    ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്ന്

    വീണ്ടും ചോര പൊടിയും

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍