നമ്മൾ

ഒരേ ആകാശത്തിനു കീഴിലും 
ഒരേ നേരത്ത്‌ 
നമ്മിലൊരാൾ മഴയും 
മറ്റയാൾ വെയിലും കൊള്ളുന്നു
ഒറ്റയ്കൊറ്റയ്ക്ക്‌ മഞ്ഞിലലിയുന്നു..
പണ്ടെപ്പോഴോ
ഒരു സ്വപ്നം
ഒരുമിച്ച്‌ കാണാൻ കഴിഞ്ഞിരുന്നതിനെ
ഓർത്തെടുക്കുന്നു
നമ്മൾ..


പൂമരക്കീഴില്‍ 


ഏതു വേനലിലും 
പെരു മഴയത്തും 
ചുവന്നു പൂവിടുന്ന 

വിഷാദത്തിന്റെ പൂമരക്കീഴിലാണെന്നും..


വാക്കറ്റം :
വൈകി തളിരിട്ട ആ ഒറ്റ ഇല നീയായിരുന്നു.. 
വിഷാദത്തിന്റെ ആദ്യ തീക്കാറ്റിൽ തന്നെ 
നിശബ്ദമായി കരിഞ്ഞു പോയതും..

ഉൾക്കടൽ ജീവിതം..!

നിന്റെ തീരത്ത്‌ നങ്കൂരമിട്ട
സ്വപ്നങ്ങളെ
ദിശയറിയാത്ത ആഴക്കടലിലേക്ക്‌
ആരോ വലിച്ച്‌ കൊണ്ട്‌ പോകുന്നു...
തീരത്തേക്കുള്ള
വഴി മറന്നു പോയൊരു തിര,
കരയെക്കുറിച്ചോർമ്മിപ്പിക്കുന്നൊരു
ഉൾക്കടൽ ജീവിതം..!


സൗരയൂഥം

എന്നിലേക്ക്‌ ചെരിഞ്ഞൊരു
അച്ചുതണ്ട്‌ ഉണ്ടെങ്കിലും
സ്വന്തമായൊരു ഭ്രമണപഥവും നിരവധി ഉപഗ്രഹങ്ങളുമുള്ള,
സ്വയം പ്രകാശിക്കുന്ന,
ജീവനുള്ള ഗ്രഹം തന്നെയാണ്‌
ഇടയ്ക്കെപ്പോഴെങ്കിലും ഒന്നടുത്തു വരാറുണ്ടെന്നേയുള്ളൂ..


കഥകളുടെ കൂമ്പാരമാണ്‌

കഥകളുടെ കൂമ്പാരമാണ്‌,
ഒരറ്റത്ത്‌ നിന്ന് തീ കൊളുത്താം എന്ന് കരുതുമ്പോൾ
അവിടൊക്കെ
നീ
ചിരിക്കുന്നു...


വാക്കറ്റം :

പോകുന്നിടത്തൊക്കെ വിഷാദം പെയ്യിച്ചാകെ നനക്കുന്നു എന്റെയാകാശം..

മഴവില്ല്


മഴവില്ല്  കാണാനാളും അൽഭുതവും
ഇല്ലാതിരിക്കുമ്പോൾ ഇത്രയും സ്ഥലം കളയുന്നൊരു
മഴവില്ലൊക്കെ ആർഭാടമാണെന്നേ
മുറിച്ചെടുത്ത്‌ കുട്ട്യോൾക്ക്‌ കളിക്കാൻ കൊടുക്കണം...ജീവിത താളുകൾ

പലതവണ പറഞ്ഞു കൊടുത്തിട്ടും
പിന്നെയും പിന്നെയും തെറ്റെഴുതി ചേർക്കുന്നവൾ..
ഓർക്കണം
ആ ഒറ്റ വാക്കെഴുതാൻ ശ്രമിച്ച്‌
തീർന്നു പോകുന്നു ജീവിത താളുകൾ..


മുറിവുകള്‍ 

ഓർക്കണം,
ഞാൻ തെളിച്ചിട്ട വഴികളിലൂടെ മാത്രമാണിന്നും
നിന്റെ സഞ്ചാരം.
വളവുകളും തിരിവും കല്ലും മുള്ളും - ഒന്നും
ഞാനറിയാതെയായി
ആ വഴിക്കില്ല
വീണ്ടും വീണ്ടും
നിന്റെ കളവുകളുടെ കുപ്പിച്ചില്ലുകൾ കൊണ്ട്‌
മുറിവേൽക്കാൻ വയ്യ.. !!


വാക്കറ്റം :
സ്നേഹം നനച്ച്‌ വളർത്തിയിട്ടും പതിരു വിളയുന്ന പാടത്താണ്‌, കൊയ്ത്തിനിറങ്ങിയത്‌

മഷിത്തണ്ടിന്റെ കൂട്ടുകാര്‍