മരുക്കാലം

 












പൂക്കൾ, പുഴകൾ, 

സുഗന്ധം, പച്ചപ്പ്, ചലനം...

ഇറങ്ങിപ്പോകുന്ന 

നിനക്ക് പിറകെ

 ഓടിയെത്തുന്നു 

വസന്തം.

തിരിഞ്ഞു നോക്കിയാലും 

കാണാത്ത അകലത്തിൽ 

ചേർന്നിരുന്ന 

മരുക്കാലം.



എത്രയിഷ്ടം എന്നെ? 














എത്രയിഷ്ടം എന്നെ? 

അരക്കഷണം.  

അത്രേയുള്ളൂ? 

പകലിരവുകൾ 

തുല്യമാകുന്ന 

രണ്ടേ രണ്ടു ദിനങ്ങളത്രെ 

വർഷത്തിൽ!!



ഏകാന്തതയെ 













ഏകാന്തതയെ 

ചൂണ്ടയിൽ കോർത്തെറിയുന്നു. 

മൗനത്തിന്റെ 

ചെറു ഇടവേളകളിൽ 

ചെറുതെങ്കിലും 

കവിതകൾ കൊത്തുന്നു.


അടച്ചിടുമ്പോൾ ചേർന്നിരിക്കുന്ന വാതിലുകൾ














അകന്നിരിക്കുമ്പോൾ 

ഉള്ളിൽ വെളിച്ചവും 

അടുക്കുമ്പോൾ ഇരുട്ടും നിറയ്ക്കുന്ന, 

പ്രണയമേ  പ്രണയമേയെന്ന് 

ഞരങ്ങി വിളിക്കുന്നു 

അടച്ചിടുമ്പോൾ 

ചേർന്നിരിക്കുന്ന വാതിലുകൾ


തോറ്റുപോകാതെ 














തകർന്നിരിക്കുമ്പോൾ 

ചേർന്നിരിപ്പുകൾ കൊണ്ട് 

ജീവിതത്തെ കളറാക്കുന്ന ചിലരുണ്ട് 

വലിച്ചെറിയപ്പെടും മുൻപേ 

ഒരിക്കലും പരിഗണിക്കപ്പെടാത്തവർ 

സ്ഥിരതയില്ലായ്മയെ 

വെളിച്ചമില്ലായ്മയെ 

പരിഹസിച്ചു മാറ്റി നിർത്തിയവർ 

ഭൂതകാലത്തെ പറ്റി 

ചോദ്യങ്ങളേതുമില്ലാതെ 

ചേർത്തു പിടിക്കുന്നവർ 

കെട്ടുപോയാലും വീണ്ടും മിന്നി തുടങ്ങുന്ന അവരുടെ പ്രകൃതം തന്നെയാണ് തോറ്റുപോകാതെ 

ജീവിതത്തെ മുന്നോട്ട് നടത്തുന്നതും 


വാക്കറ്റം :















ആയുസ്സെത്തും മുന്നേ 

ചത്തു പോകുന്ന പൂമ്പാറ്റ കുഞ്ഞുങ്ങളെ പോലെ 

കൗതുകം തീരും മുൻപേ അനക്കമില്ലാതാകുന്നു 

പൂമ്പാറ്റക്കെണി വെച്ചു പിടിച്ച 

പ്രണയ ശലഭങ്ങൾ


മനുഷ്യനെ ഉപകാരണങ്ങളില്ലാതെ ലാമിനേറ്റ് ചെയ്തു വെക്കുന്ന അനുഭവത്തെ

 













ഒരേ വരിയിൽ 

അടുത്തടുത്ത് 

ഒന്നിച്ചിരിക്കുന്നു.

അപരന്റെ 

സന്തോഷം, വിഷാദം, 

കരച്ചിൽ, ചിരി

ഒന്നും സ്പർശിക്കാതെ 

പോകുന്നു 

മനുഷ്യനെ ഉപകാരണങ്ങളില്ലാതെ 

ലാമിനേറ്റ് ചെയ്തു വെക്കുന്ന 

അനുഭവത്തെ 

ഏകാന്തത എന്ന് 

പേരിട്ടു വിളിക്കുന്നു.




കൈ ചേർക്കുമ്പോൾ 























മുൻപെങ്ങോ നടന്ന 
വഴികളിലൂടെ 
രണ്ടു പേർ 
രണ്ടിടങ്ങളിൽ നിന്നെത്തി 
ഒന്നിച്ചു നടക്കുന്നു 
പുതുമഴയ്ക്കു ശേഷം 
മണ്ണിലെന്ന പോലെ 
ഓർമകൾ തല നീട്ടുന്നു 
കൈ ചേർക്കുമ്പോൾ വസന്തം 
പൂക്കുന്നു




വെവ്വേറെ ഇടങ്ങളിൽ നിന്ന്























വെവ്വേറെ ഇടങ്ങളിൽ നിന്ന്
പരസ്പരം മിണ്ടിക്കൊണ്ടിരിക്കുന്നു.
തീരത്തിന് ഏറെയകലെ
ഒന്നു ചേരുമ്പോൾ,
ആർത്തിരമ്പുന്ന കടൽ
ശാന്തമാകുന്ന പോലെ
ജീവിതവും







വാക്കറ്റം :























ജീവിതം
 നിന്നു പോയതോർക്കുന്നു, 
മറ്റനേകം 
ആകാശങ്ങളിൽ 
നിലാവായി 
നിഴൽ നീക്കിയതും







ചെടികളിൽ ബഡിങ് പോലെ

 












ചെടികളിൽ ബഡിങ് പോലെ 

മുറിഞ്ഞ ഇടങ്ങളിലേക്ക് ഏറെ ശ്രദ്ധിച്ചു 

തെരെഞ്ഞെടുത്ത് 

ചേർത്തു വെക്കുന്നു.  

ഒരേ വേരിൽ വലിച്ചെടുത്തിട്ടും ഒരേ തണ്ടിൽ പുലർന്നിട്ടും 

ചേർന്നു പോകാതെ 

ചുവപ്പായ് വെള്ളയായ് 

വെവ്വേറെ പൂക്കുന്നു 

ജീവിതം 




വിഷാദം 
























വിഷാദം 
ഫണമുയർത്തി ചീറ്റുന്നു
 എന്ന് കവിതയിലെഴുതും 
ഉറയൂരിയ 
പാമ്പിനെ പോലെ 
ഏതൊരനക്കവും വേദനിപ്പിക്കുന്നതോർത്ത് 
അനങ്ങാതെ കിടക്കും



ഒന്നു തിരിച്ചു വെക്കുവാൻ 
























ഒന്നു തിരിച്ചു വെക്കുവാൻ ആരുമില്ലാതെ 
കൗതുകം തീർന്നു പോയ 
മണൽ ഘടികാരം പോലെ ജീവിതം, അചേതനം 
ഒഴിഞ്ഞ ഭാഗത്തു 
സൂക്ഷിച്ചു നോക്കിയാൽ കാണാം 
നിറഞ്ഞ് നിന്ന ഭൂതകാലത്തിന്റെ ശേഷിപ്പുകൾ 




നമ്മൾ 






















അടച്ചു വെച്ചാൽ 
പരസ്പരം ചേർന്നിരിക്കുന്ന 
ഒറ്റപ്പുസ്തകം.  
തുറന്നു വെച്ച ജീവിതത്തിന്റെ 
ഇരു പുറങ്ങളിൽ 
മുഖം തിരിച്ചിരിക്കുന്നു 
നമ്മൾ. 


എല്ലാ നേരത്തും 























എല്ലാ നേരത്തും 
ഏതേലും ഒരു കോണിൽ
 തെളിഞ്ഞു നിർത്തുന്ന ആകാശത്തിന്റെ 
വിശാലതയെ ഒഴിവാക്കി, 
ഏതാണ്ടേതോ നേരത്ത് 
സ്വന്തം കിണറിലെ 
പ്രതിഫലനത്തെ 
ജീവിതമെന്നോർത്തു 
കാത്തിരിക്കുന്നു. 






വാക്കറ്റം:



ഉടുത്തു കെട്ടുകൾക്കൊപ്പം 























ഉടുത്തു കെട്ടുകൾക്കൊപ്പം 
നനച്ചെന്നെ ഉണക്കാനിടുന്നു 
തലകീഴായി തൂങ്ങുന്നു 
തന്റേതല്ലാത്ത ലോകം



ഉള്ളിൽ ചിരിക്കുന്നുണ്ടാകും മരങ്ങൾ















 പ്രണയത്തിൽ 

ചേർന്നിരിക്കുമ്പോൾ 

വിരലുകളെന്ന പോലെ 

പുതുമഴ കുളിർപ്പിച്ച 

മണൽ വിടവിലൂടെ 

വേരുകൾ നീട്ടി തൊടുന്നു 

ഒളിക്കാൻ ശ്രമിച്ചു 

നാം പരാജയപ്പെട്ടത് പോലെ 

രണ്ടുടലിൽ പ്രണയം 

ചുവന്നു പൂക്കുന്നു 

വസന്തമെന്ന് 

ആരോ ഉറക്കെ 

പറയുന്നതു കേട്ട് 

ഉള്ളിൽ ചിരിക്കുന്നുണ്ടാകും 

മരങ്ങൾ


വരി തെറ്റിച്ചുപോയ 





വരി തെറ്റിച്ചുപോയ 

ചിലരാണ് 

പുതു വഴികൾ 

കണ്ടെത്തിയത് 

ആ വഴി 

പിറകെയെത്തിയവർ 

കഥകളും 

പുതിയ വഴിയും ആചാരവും

 കനപ്പെട്ട് 

വീതി കൂടുക 

തന്നെ ചെയ്യും




ഒറ്റയ്ക്കൊരാൾ













ഒറ്റയ്ക്കൊരാൾ നടന്നു വഴികളുണ്ടാകുന്നു. 

കൈ രേഖകൾ നോക്കി 

ഭാവി പറയുന്ന പോലെ 

പോയ ദുരിത കാലത്തിന്റെ 

രേഖകളെത്രെ 

നടന്നു തെളിഞ്ഞ വഴികൾ.


എന്റേതെന്ന ലോകത്തെ













എന്റേതെന്ന ലോകത്തെ 

ഊതി വീർപ്പിക്കുന്നു 

ചെറിയ നേരം

 മറ്റേതോ 

ലോകത്തെ 

പ്രതിഫലിപ്പിച്ചു 

സോപ്പ് കുമിള പോലെ 

പൊട്ടി പോകുന്നു




വാക്കറ്റം :


ചില മനുഷ്യർ














ഒരനക്കത്തിനു ചിതറി പോയേക്കാമെങ്കിലും, 

നിലനിൽക്കുന്ന നിമിഷത്തിൽ സ്ഫടികമെന്നു തോന്നിപ്പിക്കുന്നു ;

ചേർന്നിരിക്കുന്ന 

നേരത്തെ 

ചില മനുഷ്യർ. 



ഓർമയിൽ മാഞ്ഞു പോകുകയേയില്ല

 














മറ്റ് തിരക്കുകൾക്കവധി കൊടുത്ത്

നീണ്ട ദൂരം ബൈക്കോടിച്ചു

കാറ്റാടി മരത്തണലിലേക്ക്

കാണുന്നതിന് മാത്രം വന്നത്.

കടം വാങ്ങിയ കാശിനു

ഒരു ചായ മാറി മാറി കുടിച്ചത്.

പോകാൻ നേരം

കൈയിലേക്ക് ചുരുട്ടി തന്ന

മറ്റേതോ വീട്ടാവശ്യത്തിന്

മാറ്റി വെച്ച കാശ്.

ചോദിച്ചു വാങ്ങിയ

നാല് വരി കവിതകൾ.

കടലുൾവലിയുമ്പോൾ

ബാക്കിയാവുന്ന

അടയാളങ്ങൾ പോലെ

ചിലത് ഓർമയിൽ

മാഞ്ഞു പോകുകയേയില്ല


ഒലിച്ചു പോകുന്നു















വെളുത്ത്, കറുത്ത് 

നിറഞ്ഞ്, ഒഴിഞ്ഞ് 

ആവശ്യം പോലെ സ്വന്തമാകാശത്തെ 

ചുട്ടെടുക്കുന്നു.

വേനലിൽ മഴയും 

മഴക്കാലത്ത് മഞ്ഞും 

ശേഷം വെയിലും നനയുന്നു.

നിനച്ചിരിക്കാതെ 

ഒരു പേമാരിയിൽ 

ഒലിച്ചു പോകുന്നു!



ആളില്ലാത്ത വീട്ടിലെ പൂച്ച 















ഏറെ വൈകിയും 

ഉയർന്നു കേൾക്കുന്ന 

മ്യാവൂ വിളി 

വിശപ്പിന്റേത് മാത്രമല്ല 

സ്വാതന്ത്ര്യത്തിന്റെ തടവറ 

എന്ന അനുഭവത്തിന്റെയാണെന്ന് 

ആളില്ലാത്ത വീട്ടിലെ പൂച്ച 


രണ്ടപരിചിതർക്ക് 















രാവു തീർന്നിട്ടും തീരാത്ത കഥയ്ക്കുപ്പുറമിപ്പുറം 

മിണ്ടിക്കൊണ്ടിരുന്നിട്ടും 

ഒരു കഥയിൽ ഒരുമിച്ചു ജീവിച്ചിട്ടും ആൾക്കൂട്ടത്തിൽ 

ചേർന്നു നടക്കുന്ന രണ്ടപരിചിതർക്ക് 

നമ്മുടെ രൂപം 

നമ്മുടെ ശരീര ഭാഷ


രഹസ്യലിപികളുടെ പുസ്തകമെത്രെ 














രഹസ്യ ലിപികൾ 

ചുരുക്കെഴുത്തുകൾ 

വെളിച്ചത്തിലെ കാഴ്ച 

ഇരുട്ടിലെ തിളക്കം 

കൂടെ ചേർന്നാൽ മാത്രം പഠിച്ചെടുക്കാവുന്ന 

നിഘണ്ടുവും ഭാഷാ സഹായിയുമില്ലെങ്കിൽ 

എങ്ങനെ വായിച്ചെടുക്കാനാണ് 

ഒരുവൻ മറ്റൊരുവനെ 

പലപ്പോഴും 

അവനവനു മാത്രം വായിച്ചെടുക്കാവുന്ന 

രഹസ്യലിപികളുടെ പുസ്തകമെത്രെ 

ഓരോ ജീവിതവും


ദഹിച്ചു തീരാത്ത ഭക്ഷണം പോലെ 















എല്ലാവരുടെ കാഴ്ചയിലും 

മുറിവുകളും അടയാളങ്ങളും മാഞ്ഞു പോയിട്ടുണ്ടാകും. 

സ്വന്തം ഓർമയിൽ മാത്രം 

ദഹിച്ചു തീരാത്ത ഭക്ഷണം പോലെ 

അനുഭവങ്ങൾ 

ഇടയ്ക്കിടെ പുളിച്ചു തേട്ടും




നേർരേഖയിലെ  ജീവിതം 















ഹോട്ടൽ ഭക്ഷണം 

പുത്തനുടുപ്പ് 

പുതിയ വണ്ടി 

വീട്... 

തിരിഞ്ഞു നോക്കാതെ 

അനങ്ങാതെ 

ഏറെ പണിപ്പെട്ടൊരു

 ബാലൻസിൽ 

കൊണ്ട് പോകുന്നു 

ജീവിതം 

കയറ്റിറക്കങ്ങളില്ലാത്ത 

നേർരേഖയിലെ 

ജീവിതം 

മരണമെന്ന് 

ഉള്ളിലാരോ 

കൂവിയാർക്കുന്നു




അവനവന്റെ നിശബ്ദതയിലേക്ക്















ഒരേ ആഹാരം,  ഒരു പോലെ വസ്ത്രം, ഒരേ കെട്ടിടം 

രൂപം കൊണ്ട് കൂട്ടത്തിലുണ്ടാകുമ്പോഴും 

നിങ്ങൾക്കിടയിൽ നിന്നും അവനിറങ്ങി പോകുന്ന വഴി നിങ്ങൾക്കറിയില്ല 

മുറിഞ്ഞു വീണ പ്രണയത്തിന്റെ 

മുൾച്ചെടി പൂത്ത സൗഹൃദത്തിന്റെ 

എടുത്തു തളർന്ന ജീവിതത്തിന്റെ 

അവനവന്റെ നിശബ്ദതയിലേക്ക്



വാക്കറ്റം: 















ഓരോ മിനുറ്റിലും 

നോക്കി നടക്കുന്ന സ്‌ക്രീനിൽ 

ഒരു നോട്ടിഫിക്കേഷൻ പോലും 

ഉണ്ടാവില്ല 

മീൻകാരന്റെ പൂച്ചയെ പോലെ 

ഉറപ്പായും അടുത്ത ഏതേലും ഒരു വളവിൽ 

കൂടെ ചേരും, വിഷാദം





































സ്നേഹത്തെ പറ്റി പറയൂ

 













സ്നേഹത്തെ പറ്റി പറയൂ 

കടൽത്തീരം 

ഭക്ഷണം 

സിനിമ 

വസ്ത്രം 

ചേർന്നിരിപ്പ് 

കെട്ടിപ്പിടുത്തം 

ഉമ്മകൾ 

സെൽഫി 

ആകാശം 

പ്രകടനപരമായ എല്ലാ സ്നേഹ മുദ്രകളും 

സ്നേഹത്തെ പറ്റി പറയൂ 

പരസ്പരം മനസിലാക്കൽ വീഴുമ്പോഴുള്ള കൈത്താങ്ങ് 

വിശ്വാസം 

സഹകരണം 

മനസ്സമാധാനം 

സ്വസ്ഥത 

വീട്



കുട  ഓർമിപ്പിക്കുന്നു






















നീണ്ട കാലം ഇരുണ്ടു കൂടിക്കിടന്നു 

ആർത്തലച്ചു പെയ്യുന്ന 

പേമാരിയെ 

ഒരു കുഞ്ഞു കുട കൈയ്യിലെടുത്ത് 

മുറിച്ചു കടക്കുന്നു 

മുറുകെ പിടിക്കാനൊരു കയ്യുണ്ടെങ്കിൽ 

ഏതു പ്രശ്‌നത്തെയും 

നിസ്സാരമായി നേരിടാമെന്ന് 

ഒരു കുട നമ്മെ ഓർമിപ്പിക്കുന്നു





ഒരേ ആകാശത്തിന് കീഴിൽ






















ഒരേ ആകാശത്തിന് കീഴിൽ

 മഴ നനയുന്നു വെയിൽ കായുന്നു

 ചന്ദ്രനെ തെരുവ് വിളക്ക് കൊണ്ടും

 നക്ഷത്രത്തെ മിന്നാമിനുങ്ങു കൊണ്ടും 

വെച്ചു മാറി 

രണ്ടിടങ്ങളിൽ നിന്ന് 

ഒരേ സ്വപ്നത്തിന്റെ 

തുടർച്ച കാണുന്നു രണ്ടു പേർ




ഓർമകളിൽ കടലുള്ള മഴത്തുള്ളി 


















ഓർമകളിൽ കടലുള്ള മഴത്തുള്ളി 

ഏറെ വൈകാതെ ഒന്നിച്ചൊരു കടലാവാനുള്ള സന്തോഷത്തിലാകും 

ഇത്ര ആവേശത്തിൽ 

താഴേക്ക് പോകുന്നത്.

സന്തോഷം, സങ്കടം, വിഷാദം, ദേഷ്യം

അങ്ങനെയങ്ങനെ എത്രയെത്ര

 വികാരങ്ങളെയാണ് 

കാൽക്കലേക്ക് ഒരു തിരയയച്ചു 

മായ്ച്ചു കളയുന്നതവർ


വാക്കറ്റം :- 














തിരിച്ചു വെച്ച 
മണൽ ഘടികാരം പോലെ, 
കൃത്യമായ ഇടവേളകളിൽ, 
ചേർന്നിരിക്കുന്നതിൽ നിന്നും
 ഞാൻ മാത്രമൂർന്നു വീണ് 
ഒറ്റയാകുന്നു നമ്മൾ. 
മുറുകെ പിടിക്കുന്തോറും 
ഊർന്നു പോകുന്ന
 മണൽത്തരികളിലെത്രെ 
ജീവിതം 




ചിലരുടെയെങ്കിലും ഓർമ്മയിൽ






ചിലരുടെയെങ്കിലും ഓർമ്മയിൽ 

ഒളിച്ചിരിക്കാൻ ഒരു വീടുണ്ട്. 

ഇലമുളച്ചി ചെടിയുടെ 

ഇലകൾ പോലെ 

മുറിയുന്നിടം മുഴുവൻ 

വേരുകൾ പടരുന്ന വീട് 

ആൾക്കൂട്ടത്തിൽ, ഒറ്റയിൽ,

 തെരുവിൽ, ചായക്കടയിൽ, 

പണി സ്ഥലത്ത് അങ്ങനങ്ങനെ

എവിടെ നിന്നും ഒരു കുതിപ്പിന് 

ചാടിക്കയറാൻ പാകത്തിൽ 

നമ്മളത് കൊണ്ട് നടക്കുകയും

 ചെയ്യുന്നുമുണ്ട്. 

വിഷാദം എന്ന് പുറം ചുമരിലും 

ഏകാന്തത എന്ന് ജാലകത്തിലും

 പേര് കൊത്തിവെച്ചത്.



സ്നേഹമാപിനി

















ഓടിയെത്തിയും

ചേർത്തു പിടിച്ചും

താങ്ങി നിർത്തിയും

നിർത്താതെ പെയ്തിട്ടും

കണ്ടു നിന്നവർ പ്രളയമെന്നുറക്കെ

പറഞ്ഞിട്ടും

മഴമാപിനി തോതിലെന്ന പോലെ

ഓരോ രാവിലും

ചെറിയ അക്ഷരങ്ങളിൽ

സ്നേഹത്തിന്റെ

കണക്കെഴുതുന്നു

പിണങ്ങിയിരിക്കുന്നു.



ഊഞ്ഞാലാട്ടം 















 കൈവിട്ടാൽ മുന്നോട്ടുള്ള കുതിപ്പ്

ചെറിയ നേരത്തേക്കെങ്കിലും

ചിറകുകളില്ലാതെയുള്ള പറക്കൽ

ഇതൊക്കെ തന്നെയാണ്

ഒരേ ആയത്തിൽ തിരിച്ചെത്തുമെന്ന

പ്രതീക്ഷയ്ക്കുമപ്പുറം

ഊഞ്ഞാലാട്ടത്തെ

ജീവിതത്തോളം പ്രിയപ്പെട്ടതാക്കുന്നത്



ഹൃദയത്തിലേക്ക് 













ഹൃദയത്തിലേക്ക് 

വേരുകൾ നീണ്ട 

രണ്ടു മരങ്ങൾ 

ചില്ലകൾ നീട്ടി 

പരസ്പരം 

കെട്ടിപ്പിടിക്കാൻ 

നോക്കുന്നതിനെ 

ചുംബനമെന്ന് 

നാം തെറ്റിവിളിക്കുന്നു 




വാക്കറ്റം :























അതിമാരക 
പ്രഹര ശേഷിയുള്ള 
പുതുകാല കവിതയ്ക്ക് 
നിന്റെ പേരിട്ടടച്ചു വെക്കുന്നു 
ജീവിതം

മഴവില്ല് വരയ്ക്കുന്ന കുട്ടി

മഴവില്ല് വരയ്ക്കുന്ന കുട്ടി 













ക്യാൻവാസിനെ ആകാശമാക്കി, 

കുട്ടി, മഴവില്ല് വരയ്ക്കുന്നു. 

തലകുത്തനെ ചിരിക്കുന്ന ആകാശം!  

ആ ആലോചനയിൽ കുട്ടി ചിരിക്കുന്നു. 

മുഖത്തൊരു മഴവിൽ ചിരി !! 

തല തിരിഞ്ഞ സന്തോഷത്തെ ആരും വിഷാദമെന്ന് ചേർത്ത് വായിക്കുന്നില്ലെന്ന് മഴവില്ലോർമ്മിപ്പിക്കുന്നു. 



കണ്ണ് ചിമ്മുന്നതാണെന്ന്













കണ്ണ് ചിമ്മുന്നതാണെന്ന്

മുത്തശ്ശിക്കഥയിൽ കുട്ടികൾക്ക്

പറഞ്ഞു കൊടുക്കും.

അഭാവത്തിൽ ആകാശം

നോക്കി കിടക്കുമ്പോൾ,

തട്ടിത്തൂവിയാലും കെട്ടു പോകാത്ത

നക്ഷത്രങ്ങളെ മാത്രം കോർത്തിണക്കി

കൂവിയാർത്താലും കേൾക്കാത്ത

ദൂരത്തേക്ക് വിശേഷങ്ങൾ എത്തിക്കാനുള്ള

മോഴ്സ് കോഡാണെന്ന്

പ്രണയത്തിൽപ്പെട്ടവർ മാത്രം

കണ്ടു പിടിക്കും.



നീ തന്നെയെന്ന് 























വഴി നീളെ, 
ഇലയാട്ടി 
പൂവുനീട്ടി 
കാത്തിരിക്കുന്നത് 
കാണുന്നു. 
പിടികൊടുക്കാതെ, 
തിരിഞ്ഞു നോക്കാതെ 
പാഞ്ഞു പോയത് 
നീ തന്നെയെന്ന് 
ഉറപ്പിക്കുന്നു. 




വാക്കറ്റം :-























ഏറെയകലേയെന്ന് കലമ്പി,  
ടെലസ്കോപ്പിൽ നോക്കി 
എനിക്കൊപ്പം 
നിന്നെ കണ്ടമ്പരക്കുന്നു 
നീ! 

ഒറ്റയ്ക്കാവുമ്പോൾ

 












ഒറ്റയ്ക്കാവുമ്പോൾ

കഥകൾ, സ്വപ്‌നങ്ങൾ ഒക്കെയും നിന്റെ പേരിൽ
കടലാസിലെഴുതി ഉയരത്തിലേക്ക് പറത്തുന്നു.
കാതങ്ങൾക്കപ്പുറത്ത്
നിഴലില്ലാത്ത നിലാവെന്ന്
നീയതിനെ ഡൗൺലോഡ് ചെയ്യുന്നു





















തുറന്നിട്ട ജനാലകൾ വഴി
ആകാശം വീടിനകത്തേക്ക്
ഒലിച്ചിറങ്ങുന്നു.
കണ്ണെത്താത്ത ദൂരത്തു നിന്നുമുള്ള
നിന്റെ കണ്ണിറുക്കി കാണിക്കലിനെ
പകർത്തി കാട്ടുന്നു
നക്ഷത്ര കുഞ്ഞുങ്ങൾ





















മുറിവുകൾ പോറലുകൾ
ചിന്തകളുടെ അഴുക്കു ഭാണ്ഡങ്ങൾ ഒക്കെയും ചുമന്നെത്തി
ഉടലാഴങ്ങളിലേക്കൂഴിയിട്ടിറങ്ങുന്നു,
മുങ്ങി നിവർന്നു പുതുക്കപ്പെടുന്നു.
അകം പുറമുണക്കുന്ന
ഒറ്റമൂലിയാണ് നീ




വാക്കറ്റം :






















പെയ്തു തീരാത്ത ഒരു മേഘത്തെ ആകാശത്തൊരു കോണിൽ ഉണങ്ങാനിട്ടതു കാണുന്നു.
കരഞ്ഞു തീരാത്തപ്പോൾ ജീവിതത്തെയെന്ന പോൽ.
നിന്റെ അഭാവത്തിൽ

മുറിഞ്ഞ കഷണങ്ങൾ

 

 


 

 

 

 

 

 

 

 

 

 

 

ഉള്ളിലേക്കൊന്നും
ആരും എത്തി നോക്കില്ല
ചായം തേച്ചു മറക്കുന്നു
തൊലിപ്പുറത്തെ പോറലുകൾ
എങ്കിലും
തമ്മിൽ കലമ്പി
കിലുങ്ങി ഒച്ചയുണ്ടാക്കാതെ
എത്ര നാൾ കൊണ്ട് നടക്കാനാകും
മുറിഞ്ഞ
കഷണങ്ങൾ

 

 

 

 ചൂണ്ടൽ കൊളുത്തുകൾ

 


 

 

 

 

 

 

 

 

 

 

 

 

മീനുകൾ
വാ പൊളിക്കുന്നത്
പോലെ
ചുംബനങ്ങൾ,
ചുണ്ടുകൾ
ചൂണ്ടൽ കൊളുത്തുകൾ..!

 

 

കാലിഡോസ്കോപ്പിൽ














 

ഒരു മുറിവിനു തന്നെ
എത്ര കാഴ്ചകളുണ്ടെന്നോ
കാലിഡോസ്കോപ്പിൽ

 

 

 മനുഷ്യർ

 

 


 

 

 

 

 

 

 

 

 

 

 

 

അഗ്നി പർവതങ്ങളെ പോലെ,
ഉള്ളിലാകെ തിളച്ചു മറിയുമ്പോഴും
ഉള്ളിലടക്കി വെക്കുന്നു
മനുഷ്യർ

 

 

 മുറിവുകളുടെ പൂന്തോട്ടം 

 

 


 

 

 

 

 

 

 

 

 

 

 

 

സ്വന്തമായിട്ടെന്തുണ്ടെന്നോ
ഓരോ ഋതുവിലും
എല്ലാ നേരത്തും
പൂത്തിരിക്കുന്ന
മുറിവുകളുടെ പൂന്തോട്ടം 

 

 

വാക്കറ്റം : 

 

വിഷാദത്തിന് മൊട്ടിടാൻ
ഇടങ്ങൾ നൽകുന്ന
മടുപ്പൊരു വേരില്ലാ താളി

  






 

 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍