വളർച്ചയുടെ കാലസൂചികകൾ























കൊഴിഞ്ഞു വീണ നേരത്തെ
വേദനകളെയല്ല
ഓരോ പൂവും ഇലയും അടയാളപ്പെടുത്തുന്നത്,
വളർച്ചയുടെ കാല സൂചികകളെയാണ്..



അടയാളങ്ങൾ..

അക്ഷരങ്ങൾ അടയാള കല്ലുകളാകുന്നു
നിന്നെ തിരക്കി നടന്നു
താണ്ടിയ ഓർമ സൂചകങ്ങൾ.

നമ്മളെന്നു ചേർത്തെഴുതുമ്പോൾ
മാഞ്ഞു പോകുന്ന അടയാളങ്ങൾ..


ഒളിച്ചു കടത്തൽ 

ഒരുത്തനും കണ്ടുപിടിക്കാനാകില്ല
എഴുത്തിൽ ഒളിച്ചു കടത്തുന്ന നിന്നെ.
ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത നീ
എത്ര സമർത്ഥമായാണ്
വരികളിൽ പതുങ്ങിയിരിക്കുന്നത്..


തോന്നൽ 

ഇടങ്ങളത്രയും
നിറച്ചിരിക്കുന്നു
നിന്റെയിഷ്ടങ്ങളെ കൊണ്ട്.
ഓരോ നിഴലനക്കവും നീയെന്നു കരുതി
തുറന്ന് വെക്കുന്നു വാതിലുകളും..



വാക്കുകൾ.

നീ കാണാനിടയില്ലെങ്കിലും
നിനക്കെഴുതി കുഴിച്ചു മൂടുന്നു വാക്കുകൾ.


വന്നൊന്നു തൊട്ടു നോക്കണം,
നിനക്കു ചുറ്റും വാക്കിൻ കാട് പൂക്കുന്നത് കാണാം..



വാക്കറ്റം :

യാത്ര കഴിഞ്ഞെത്തിയോ എന്നൊരു ആകാംക്ഷ
പരിഭവങ്ങളില്ലാതെ,
കാത്തിരിപ്പിന്റെ പുതപ്പിനുള്ളിൽ
ദീർഘമായി നിശ്വസിച്ചു തീർക്കുന്നുണ്ടാവണം

തീർന്നു പോയിട്ടല്ല, കരുതി വെക്കുന്നതാണ്




















തീർന്നു പോയിട്ടല്ല
കരുതി വെക്കുന്നതാണ്
വരും നാളിലൊന്നിൽ , വൈകാതെ,
വാക്കുകൾ കൊണ്ടൊരു താജ്മഹൽ
തീർക്കുന്നുണ്ട് നിനക്ക്..


വസന്തത്തിന്റെ മാന്ത്രികത

ഇലകൊഴിച്ചിട്ട മരങ്ങളെ
നീയൊന്നു തൊട്ടു നോക്കൂ
വസന്തത്തിന്റെ മാന്ത്രികത കാണാം
വേനലുകളെത്ര താണ്ടിയതാണ്
വേരുകൾ..

 രഹസ്യം
മുകളിൽ നീ മാത്രമാണെന്ന് കരുതി
കൂവിയാർത്തതാണ്
താഴ് വാരമാകെ ഏറ്റു കൂവുന്നു
നമ്മുടെ രഹസ്യം.
അല്ലെങ്കിലും
എത്രനേരം പിടിച്ചു വെക്കാനാകും
കാറ്റിനൊരു സുഗന്ധത്തെ..!

കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

എത്തിനോക്കിയാൽ അറിയാം
പ്രണയത്തിനുള്ളിൽ കാലത്തെ
ഫ്രീസ് ചെയ്തു വെക്കുന്നതിനെ പറ്റി.
ഓർത്തു നോക്കൂ,
നമ്മളിനിയും കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

നിന്റെ പേരായിരിക്കും.

ഇലകൾ കൊഴിച്ചിട്ട്, ഉണങ്ങിയ മരങ്ങൾക്കിടയിൽ
ചുവന്നു പൂത്ത ഗുൽമോഹർ
ഓർമകളുടെ കാട്ടിൽ ഏതു വേനലിലും
ചുവന്നു പൂക്കുന്ന മെയ്‌മരത്തിന്റെ 
ചില്ലകൾക്ക് നിന്റെ പേരായിരിക്കും.

വാക്കറ്റം : 

ഓർമകളുടെ കരട് നീങ്ങിയിരിക്കുന്നു.
കണ്ണുകളിലേക്ക്
നിറങ്ങൾ, കാഴ്ചകൾ
തിരിച്ചു കയറുന്നു.
നിലച്ചു പോയിട്ടില്ല ജീവിതം.

എത്തിനോട്ടം


























ഒരു തവണ നീ വന്നെത്തി നോക്കുമ്പോഴേക്കും 
വരണ്ടുണങ്ങി വിണ്ടു കീറിയയിടങ്ങളിൽ
പുതു നാമ്പുകൾ കിളിർക്കുന്ന അത്ഭുതം !


യാത്ര

ഏറെ പണിപ്പെട്ട് 
മടിയുടെ പുറന്തോട് നീക്കി 
നടത്തുന്ന യാത്രകളുടെ അവസാനത്തിൽ 
നീ ചിരിച്ചു കാത്തിരിക്കുന്നു.


ഇരുട്ടും നക്ഷത്രങ്ങളും


ചില ജീവിതത്തിലേക്ക് 
ശാസ്ത്രമെത്ര വിളക്ക് കാട്ടിയാലും
കണ്ണു ചിമ്മിയാലറിയാം
അന്ധവിശ്വാസത്തിന്റെ ഇരുട്ടും
അതിലെ നക്ഷത്രങ്ങളും


ഒറ്റ

നിഴലുകളില്ലാത്ത, 
രാത്രി നക്ഷത്രങ്ങൾക്കു കീഴിൽ
വെവ്വേറെയിടങ്ങളിൽ
ഒറ്റയെ കുറിച്ചെഴുതുന്നു
നമ്മൾ..


ഞാൻ

കടലെന്നെഴുതി വച്ചതിൽ 
നീയൊലിച്ചു പോകുന്നു
മുഴുമിപ്പിക്കാതെ ബാക്കി വെച്ചത്‌
കൗതുകത്തോടെ പൂർത്തിയാക്കി
മരുഭൂമിയിലുണങ്ങി പോകുന്നു ഞാൻ ..


തണൽ മരം 

നിന്നെ
നേരമിത്ര കാത്തിരുന്നിട്ടും
മുളച്ചിട്ടില്ല മടുപ്പിന്റെ വേരുകൾ..
ഉരുണ്ടു പോകാമായിരുന്നിട്ടും
ഒരു വിത്ത് പതിയെ തണൽ മരമാകുന്നു.


വാക്കറ്റം : 

നീ പെയ്തില്ല, ചാറി പോയതെയുള്ളൂ..
മഴപ്പാറ്റ കാത്തു നിന്നില്ല
പറന്നു തീർന്നിരിക്കുന്നു.

പൂവാക



















വഴിയിലെ അവസാനത്തെ പച്ചയും 
കരിച്ചു കളയുന്ന വേനൽ.
പോകുന്നത് നിന്നെ കാണാനെന്നു വെറുതെ പറഞ്ഞതെയുള്ളൂ
വഴി നീളെ ചുവന്നു പൂക്കുന്നു
പൂവാകകൾ..


പരിചയം 

നിന്റെ ചങ്ങാതിയെന്നു കരുതി
പരിചയപ്പെട്ടാണ്,
നിന്നെ കാണും മുമ്പേ
ആ നാട്ടിൽ നിനക്കറിയുന്നതിനെക്കാൾ കൂടുതൽ
പരിചയക്കാർ ഉണ്ടായത്..

വഴികൾ 

കൈ രേഖകളെന്നോണം
മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്
നിന്റടുത്തേക്കെന്നു കരുതി
നടന്നു തീർത്ത ആ നാട്ടിലെ
വഴികളത്രയും



വാക്കറ്റം :

വിയർത്തൊലിച്ച
എത്ര വേനലുകളെ
അതിജീവിച്ചാണ് നാം
മഴ നനഞ്ഞു കുതിർന്നു
പരസ്പരം പുതപ്പുകളാകുന്നത്.. !

നമ്മളിടങ്ങൾ


















ഓർത്തു വെക്കുകയാണ്,
കടന്നു പോകുന്ന ഓരോ ഇടങ്ങളേയും.
ആദ്യമായി നമ്മൾ കാണുമ്പോൾ ,
അതിനു മുന്നേ നിന്നെ കണ്ടിരിക്കാനുള്ള
ഇടങ്ങളെന്ന നിലയിൽ !

നമ്മൾ 

കുഴിച്ചെടുക്കാനും കാണാതെ പോകുന്നത്
ആകാശത്തു നിന്നും പൊഴിഞ്ഞു നിറയും.
അകന്നിരുന്നു
വളർന്നു വരണ്ട വിടവുകളിൽ
നമ്മള് നിറഞ്ഞു തൂകും.


മടുപ്പ് 
ഓരോ കാൽവെപ്പിലും
പ്രതീക്ഷിച്ചു കൊണ്ടേയിരിക്കണം
മടുപ്പിന്റെ,
ഒതുക്കു കല്ലുകളില്ലാത്ത
കിണറിലേക്കുള്ള വീഴ്ച 

വാക്കറ്റം 
ഒറ്റയായതിന്റെ വേദനയിലാകണം മെയ്‌മരത്തിന്റെ ചില്ലയിൽ
വേനലിലും വിഷാദമിങ്ങനെ ചുവന്നു പൂക്കുന്നത് 





ലഹരി

















ജീവിതം 
വെന്തു പൊള്ളി 
തിളച്ചു മറിഞ്ഞുണ്ടായതാണ് 
നാവു പൊള്ളിക്കുന്ന 
ലഹരി !


കൂടെ

നടന്നു പൊയ്ക്കൊണ്ടിരിക്കെ
ജന നിബിഡമായ വഴികളെ 
ആരോ പകർത്തുന്നു.
കൂടെയുണ്ടെന്ന് ചിത്രങ്ങൾ നോക്കി സാക്ഷ്യപ്പെടുത്തുന്നു.
ഇതൊന്നുമറിയാതെ
ഓരോരുത്തരും
അവരവരുടെ താവളങ്ങളിലേക്ക്
ഒറ്റയ്ക്കൊറ്റയ്ക്ക് നടന്നു കയറുന്നു.




വേനൽ

മുറിച്ചെടുത്തപ്പോൾ
ബാക്കിയായ
വേരുകളെ,
ഉണക്കി
കളയുന്നുണ്ട്
വേനൽ




രണ്ടു പേർ

ഒരേ ജനലിലൂടെ
രണ്ടു പേർ പുറത്തേക്ക് നോക്കുന്നു
ഒരാൾ ആകാശത്തെയും
മറ്റെയാൾ ഭൂമിയേയും കാണുന്നു.
പരസ്പരം മിണ്ടാതെ,
കഴച്ചകളെ വെച്ചു മാറാതെ
ഇരുട്ടിലെ നെടുവീർപ്പിലേക്ക് മടങ്ങുന്നു.




ലോകം

ഉയരത്തിലല്ലെങ്കിലും
ആകാശത്തിലാണ്
നിലം തൊടാതെ,
കാൽക്കീഴിൽ
നമ്മളോളം
ചെറിയൊരു ലോകം 




മഴവില്ല്


രാത്രിയിലും മാഞ്ഞു പോകുന്നേയില്ല
രണ്ടറ്റങ്ങളിൽ നിർത്താതെ സംസാരിച്ചു
വാക്കുകൾ കൊണ്ട്
നാം തീർത്ത മഴവില്ല് !



വാക്കറ്റം :

കോപ്പി പുസ്തകത്തിൽ
നിന്റെയോർമ്മകളെ മാത്രം
ആവർത്തിച്ചെഴുതി
മനോഹരമാക്കുന്നു. !

പ്രണയബുദ്ധൻ


























ഒന്നു പിടഞ്ഞു പോലും നോക്കാതെ
സമാധിയാകുന്നു. 
പ്രണയത്തിൽ നിന്ന് പുറത്തേക്ക് പിടിച്ചിട്ടൊരു 
മത്സ്യ ജീവിതം.



വിഷാദം

തലയോ കാലോ പുറത്തു കാണുന്ന
നീളമെത്താത്ത പുതപ്പാണ് വിഷാദം.
എത്ര ചുരുണ്ടു കിടന്നിട്ടും 
പുറത്തു ബാക്കിയാകുന്ന ഓർമകളാണ്
മഞ്ഞും വെയിലും മഴയും കൊണ്ടു
കരുത്തോടെ കൊഞ്ഞനം കുത്തുന്നത്.. !



പ്രകൃതി

വേനലെത്ര കരിച്ചാലും,
വിണ്ടു കീറിയ വിടവിലും
വിത്തൊളിപ്പിക്കാറുണ്ട്
പ്രകൃതി.
നനവരിച്ചെത്തുമ്പോൾ
ഭൂതകാലത്തെ മറന്നു
ചിരിച്ചു വളരുന്ന പച്ചപ്പുകൾ !




വാക്കറ്റം :



സ്വന്തമാക്കിയിട്ടും കീഴടക്കാനാവാത്ത
പല പല ആകാശങ്ങൾക്കപ്പുറമാണത്രേ
ജീവിച്ചു തുടങ്ങേണ്ട കണ്ടിട്ടു പോലുമില്ലാത്ത
ലോകങ്ങളത്രയും

ഒറ്റയ്ക്കിരിക്കുന്ന പെണ്കുട്ടി





















ഒറ്റയ്ക്കിരിക്കുന്ന പെണ്കുട്ടി
സ്വന്തം ആകാശത്തെയും നക്ഷത്രങ്ങളെയും
വരയ്ക്കുന്നു
കാൻവാസിലേക്ക് അവളെത്തന്നെ പകർത്തി വെക്കുന്നു.
ചിത്രത്തിലെ പെണ്കുട്ടി
ഒറ്റയ്ക്കാണല്ലോ എന്നോർത്തു,
ഏകാന്തതയെ പറ്റി
കവിതയെഴുതാൻ തുടങ്ങുന്നു.



സ്വപ്നങ്ങൾ


ഇതളു കൊഴിഞ്ഞു വീണാലും
തലയിലേറ്റി നടക്കാൻ പാകത്തിൽ
ചില
സ്വപ്നങ്ങൾ.. 
തോറ്റു മാറാതെ ചേർത്തു പിടിക്കുന്ന കയ്യുകൾ..



മൂർച്ച



















ഒറ്റ 
വാക്കിന്റെ 
മൂർച്ചയ്ക്ക്
ഒരായുസ്സ് 
കൂർപ്പിച്ചു
തീരുന്നു





ഒറ്റയെന്നോ ആദ്യത്തെ യെന്നോ


"1"
എന്നെഴുതിയതിനെ
ഒറ്റയെന്നോ ആദ്യത്തെ യെന്നോ ഓർത്തു പോകുക ?
ഉള്ളിലൊറ്റയെന്ന് അലറുമ്പോഴും
പുറത്ത് ആദ്യത്തെയെന്നു പറഞ്ഞു ചിരിക്കുന്നു. !




വാക്കറ്റം :


ചുണ്ടു ചേർത്ത-
യിത്തിരി ഉമിനീരിൽ
കരിഞ്ഞു പോകാനുള്ള
മുറിവുകള് തന്നെയാണ്
തടവി വലുതാക്കി 
നമ്മെ മുറിച്ചു മാറ്റുന്നതും.

ഓർത്തെടുപ്പ്















ടെറസിന് മുകളിലെ
ഗ്രോ ബാഗുകളിൽ നിന്നും,
വേരുകൾ വെള്ളം കുടിക്കുന്ന
ഒച്ച ചെവിയോർത്തു കേട്ട്;
വയലായിരുന്ന കാലത്തെ 
ഓർത്തെടുക്കുന്നുണ്ടാകും
വീടുകൾ.. !


ബോണ്സായ്

പടർന്നു പന്തലിക്കാനുള്ള
ഇടമെന്നു പറഞ്ഞു തന്നെയാണ്
പറിച്ചു നട്ടത്.
അടുക്കള മുതൽ സ്വീകരണമുറി ജനല്
വരെ പടർന്ന് , 
വേരു മുറിച്ച,
വീടലങ്കരിക്കുന്ന
ബോണ്സായ് ആണത്രേ ഇപ്പോൾ !


Odd man out 


കുത്തിട്ടതിനെ പൂരിപ്പിക്കാനും
നോക്കി വരക്കാനും 
അടങ്ങിയിരിക്കാനും 
പറയുന്നതു പോലെ അനുസരിക്കാനും പഠിപ്പിച്ചു 
ആൾക്കൂട്ടത്തിൽ ഇരുത്തുന്നു.
Odd man out എന്നൊരു കളിയെ പറ്റി പറഞ്ഞു തരുന്നു.
കൂട്ടത്തിൽ പെടാത്തവരെ 
നമ്മളിപ്പോൾ എണ്ണി തുടങ്ങുന്നു
ഗോവിന്ദ് പൻസാരെ, കല്ബുര്ഗി , ഗൗരി ലങ്കേഷ്‌..


വാക്കറ്റം  :
ചോർന്നു പോയതൊക്കെയും
കവിത കൊണ്ട് ചേർത്തു പിടിക്കാനാകാത്ത
അകലത്തിലാണ്.
വാക്കുകൾ കൊണ്ടെത്ര കെട്ടിയിട്ടും
പൂർത്തിയാകുന്നില്ല
നിന്നിലേക്കെത്താനുള്ള കടൽപ്പാലം !


വഴി കാട്ടി





























വഴി നടക്കാൻ വെളിച്ചം 
തരില്ലെങ്കിലും
വഴി കാട്ടി കൂടെ നിൽക്കുന്ന
നക്ഷത്രങ്ങൾ



(അമ്മ) വീട്


എങ്ങോട്ടാണെന്നോ 
കൂടെ വരണമെന്നോ 
ആവശ്യപ്പെടാതെ 
എത്ര വൈകിയാലും
വാതിലടക്കാതെ 
കാത്തിരിക്കുന്ന
(അമ്മ) വീട്



നീയാകല്ലേ 


വിളിക്കാതെയായതിനു ശേഷം ഇന്ന് യാത്രയ്ക്കിടെ ,
പണ്ട് , നീയടയാളം പറഞ്ഞ
നീലകോളാമ്പി പൂത്ത കയ്യാലയുള്ള
വീടിനു മുന്നിലെത്തി
( ആ അടയാളങ്ങളുള്ള വീട് ഇപ്പോഴുണ്ടാകില്ല എന്ന് ചിന്തിച്ചതിനാൽ 
ഞാനത് വിശ്വസിച്ചിട്ടേയില്ലായിരുന്നു )

പിറകിൽ നിന്നും പേരെടുത്ത് വിളിക്കുന്നത്
നീയാകല്ലേ എന്നു പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തുടർന്നു


അവരവരുടെ വഴികൾ

നടക്കുകയാണ് ,
പൊതുവഴിയിൽ പകർത്തിയ
ചിത്രങ്ങളിൽ മാത്രമാണവർ
കൂടെയുണ്ടായത്.
അവരവരുടെ വഴികൾ , വരുന്നതിനും പോകുന്നതിനും



വാക്കറ്റം  : 


വഴി തെറ്റി വന്നൊരു ഫോൺ കോൾ,
ശബ്ദത്തെ തിരിച്ചറിയാതെ,
പേരിനെ ഓർത്തെടുത്തു
നിശ്ശബ്ദമാകുന്നു




മുൻകരുതൽ














മുന്കരുതലാണ്,
മുറിഞ്ഞു ചോര പൊടിയില്ലെങ്കിലും
ഊതി വീർപ്പിച്ച ജീവിതമാണല്ലോ.. !!


ഓർമകൾ

എത്ര വളർന്നാലും
ചവിട്ടേറ്റ് മെതിഞ്ഞതിന്റെ ഓർമകൾ
തലപ്പത്ത് തിണിർത്തിരിക്കും
നാട്ടു വഴികളിലെ
കാട്ടു പുല്ലുകളിൽ.


തോൽവി 
തോറ്റു പോയെന്നവർ രേഖപ്പെടുത്തിയത്,
ജീവിക്കാഞ്ഞിട്ടല്ല;
ജീവിച്ചിരിപ്പുണ്ടെന്നു
കാട്ടാനാകാതെ പോയതിനാലാണ്. !


വിഷാദത്തിന്റെ മഞ്ഞു വീഴ്ച്ച.

വിഷാദത്തിന്റെ മഞ്ഞു വീഴ്ച്ച.
പതിയെ വീണു
ഏറെ നേരം തങ്ങി നിന്ന്
ആകെ നനച്ചു
ചുറ്റുമുള്ളവരെ
മായ്ച്ചു കളയുന്ന
ഏകാന്തത കൊണ്ടു മൂടുന്നു.





വാക്കറ്റം :

മൗനമായിരുന്നില്ല
ഇനിയും മിണ്ടിയിട്ടില്ലാത്ത നിന്നോട് മിണ്ടി തുടങ്ങുവാൻ
വാക്കുകളെ ശേഖരിച്ചടച്ചു വെക്കുന്നതാണ്..

പാട്ട്

















അകലെയേതോ നാട്ടിൽ
ആൾക്കൂട്ടത്തിൽ നിന്നൊളിച്ചു
ഒരു മൂലയിൽ
നീ മനസ്സിലുച്ചത്തിൽ പാടുന്നു.
അതിർത്തി രേഖകൾ
മായ്ച്ചു കളഞ്ഞ ഇരുട്ടിൽ, ആകാശത്തിനു കീഴിൽ
ഞാനതു ചെവിയോർത്തു കേൾക്കുന്നു.


ഓർമ്മ 

മഴു കൊണ്ടു മുറിഞ്ഞാലും
മഴ കൊണ്ടു തളിർക്കാമെന്നു 
ഓരോ മരവും ഓർമിപ്പിക്കുന്നു. 
ഓരോ മുറിവിലും കാടോർത്തു പോകുന്ന 
വേരുകൾക്ക് വേണ്ടി 
മുറിവിൽ പുതു മുകുളങ്ങളാൽ
കാട് തീർക്കുന്ന ഉടൽ !



ഒറ്റ 
ഇരുട്ടും ചില്ലക്ഷരങ്ങളും എനിക്കു മാറ്റിവെച്ചു
നിലാവും നക്ഷത്രങ്ങളും സ്വരങ്ങളും വ്യഞ്ജനങ്ങളും നീയും പകുത്തെടുക്കുന്നു.
ഒറ്റയ്ക്കൊരു വാക്കു ചേർക്കാനാകാതെ,
ലോകമുണ്ടാക്കാനാകാതെ,
നിനക്കു വേണ്ടി കാത്തിരിക്കുന്നു ഞാൻ. !


കാലം
മുറിഞ്ഞ കൈപ്പത്തിക്ക്,
പകരം തുന്നിച്ചേർത്തു
മറന്നു പോയ അക്ഷരങ്ങളെ
എഴുതി പഠിക്കാൻ ശ്രമിക്കുകയാണ്
വാക്കുകളുടെ ഭംഗി വീണ്ടെടുക്കുന്നൊരു
കാലം വരിക തന്നെ ചെയ്യും. !


വാക്കറ്റം 

കൂട് തകർന്നിട്ടും
വരിവരിയായി പോകുന്ന ഉറുമ്പുകളെ പോലെ, ഓർമകൾ
അച്ചടക്കത്തോടെ നിന്നിലേക്കെത്തുന്നു.

മഷിത്തണ്ടിന്റെ കൂട്ടുകാര്‍